സിനിമാ വ്യവസായവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് ഓണക്കാലമാണ്. 2023ന്റെ ആദ്യ ഏഴ് മാസത്തിൽ മലയാള സിനിമയ്ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായി. തിയറ്റർ കലക്ഷന്റെ 50 ശതമാനവും ലഭിക്കുന്നത് വിഷു, ഓണം, റംസാൻ, ക്രിസ്മസ് ഉത്സവ സീസണുകളിലാണ്. എന്നാൽ, ഈ വർഷം വിഷു, റംസാൻ കാലത്ത് ആളുകളെ ആകർഷിക്കുന്ന വലിയ സിനിമകളില്ലാതെയിരുന്നത് വലിയ തിരിച്ചടിയായി. തിയറ്ററിലെത്തിയ സിനിമകൾക്ക് കാര്യമായ ചലനം ഉണ്ടാക്കാനുമായില്ല. അതിനാൽ തന്നെ മലയാള സിനിമയുടെ ഉയിർത്തെഴുന്നേൽപ്പിലേക്കുള്ള പ്രതീക്ഷയുടെ വാതിൽ കൂടിയാണ് ഈ ഓണക്കാലം. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള മുതിർന്ന താരങ്ങളുടെ സിനിമകളില്ലാത്ത ഓണക്കാലത്ത് യുവ നിരയുടെ സിനിമകളാണ് തിയറ്ററിലെത്തുന്നത്. കിങ് ഓഫ് കൊത്ത, രാമചന്ദ്ര ബോസ് ആൻഡ് കോ, ആർഡിഎക്സ്, അച്ഛനൊരു വാഴ വച്ചു, വാതിൽ തുടങ്ങിയവയാണ് ഓണം റിലീസുകൾ.
തിയറ്റർ വാഴാൻ കൊത്ത
ഓണത്തിന് ഏറ്റവും വലിയ റിലീസ് കിങ് ഓഫ് കൊത്തയാണ്. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രം. സോളാ റിലീസായി വ്യാഴാഴ്ച എത്തുന്ന പടം 350–-400 സ്ക്രീനുകളിലാണ് പ്രദർശനം. രാവിലെ 7.30നാണ് ആദ്യ പ്രദർശനം. ഗ്യാങ്സ്റ്റർ ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭമാണ്. വേഫെയറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. പൊറിഞ്ചു മറിയം ജോസിന്റെ രചയിതാവ് അഭിലാഷ് എസ് ചന്ദ്രനാണ് തിരക്കഥാകൃത്ത്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ തമിഴ് നടൻ പ്രസന്ന, ഗോകുൽ സുരേഷ്, ഷബീർ കല്ലറയ്ക്കൽ, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. തെന്നിന്ത്യൻ താരം റിതിക സിങ് ഗാനരംഗത്തിലൂടെ സിനിമയുടെ ഭാഗമാണ്.
ആർഡിഎക്സിന്റെ അടിമേളം
ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഡോണി, സേവ്യർ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. അടിമുടി ആക്ഷൻ ചിത്രമെന്ന വിശേഷണവുമായാണ് ആർഡിഎക്സ് എത്തുന്നത്. ബാബു ആന്റണി പ്രധാന വേഷത്തിൽ എത്തുന്നു. വെള്ളിയാഴ്ച നൂറ്റമ്പതോളം സ്ക്രീനിൽ പ്രദർശനത്തിനെത്തും. വീക്കെന്റ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോളാണ് നിർമാണം. മിന്നൽ മുരളിക്കുശേഷം സോഫിയ നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആർഡിഎക്സിനുണ്ട്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം ഉൾപ്പെടെ വമ്പൻ സിനിമകളിൽ ആക്ഷൻ കൊറിയോഗ്രാഫറായ അൻപ് അറിവാണ് സംഘട്ടനമൊരുക്കുന്നത്. സംവിധായകനൊപ്പം ഷബാസ് റഷീദ്, – ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്.
ചിരിപ്പിച്ച് കൊള്ളയടിക്കാൻ ബോസും ടീമും
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ഹീസ്റ്റ് ആക്ഷൻ കോമഡിയാണ്. നിവിൻ, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, മമിത ബൈജു, ആർഷ ചാന്ദിനി ബൈജു, വിജിലേഷ്, ശ്രീനാഥ് ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നാലര വർഷത്തിനുശേഷം എത്തുന്ന ഫനീഫ് അദേനി സിനിമയാണ്. മുൻ സിനിമ മിഖായേലിലും നിവിനായിരുന്നു നായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പോളി ജൂനിയർ പിക്ചേഴ്സിനുവേണ്ടി നിവിൻ പോളിയും ചേർന്നാണ് നിർമാണം.
കളർഫുള്ളാക്കാൻ ‘അച്ഛനൊരു വാഴ വച്ചു’
സന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ ശനിയാഴ്ച തിയറ്ററിലെത്തും. ഓണം റിലീസുകളിൽ വലിയ താരനിരയില്ലാത്ത ചിത്രമാണ്. പക്ഷേ, പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഒരുപിടിയാളുകൾ ഒന്നിക്കുന്ന ചിത്രമാണ്. നിരഞ്ജ് രാജു, എ വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കളർഫുൾ എന്റർടെയ്നർ സ്വഭാവത്തിലുള്ള സിനിമയാണ്.
കുടുംബപ്രേക്ഷകരുടെ വാതിൽ
വിനയ് ഫോര്ട്ട്, കൃഷ്ണ ശങ്കര്,അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്’ 31ന് പ്രദർശനത്തിനെത്തും. സുനില് സുഖദ, ഉണ്ണിരാജ്, അബിന് ബിനോ,വി കെ ബെെജു, അഞ്ജലി നായര് തുടങ്ങിയവരും സിനിമയിലുണ്ട്. ഷംനാദ് ഷബീറാണ് തിരക്കഥാകൃത്ത്. കുടുബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമയെത്തുന്നത്.
ഓണം കഴിഞ്ഞാൽ ഇതര ഭാഷാ പടങ്ങൾ
ഓണം റിലീസുകളുടെ തിരക്ക് കഴിഞ്ഞാൽ തിയറ്ററിലെത്താൻ തയ്യാറായി ഇതര ഭാഷയിലെ വമ്പൻ പടങ്ങളുണ്ട്. രജനികാന്തിന്റെ ജയിലർ തീർത്ത ആരവത്തിന്റെ കൊട്ടിക്കലാശമായി മാറാൻ കരുത്തുള്ള ചിത്രങ്ങളാണ് ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽനിന്ന് വരാനിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കന്നട ചിത്രം ടോബി വെള്ളിയാഴ്ച എത്തും. രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹമാണ്. മലയാളിയായ ബേസിൽ ആൽചക്കൽ ആണ് സംവിധാനം. വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പ്രണയ ചിത്രം ഖുഷി സെപ്തംബർ ഒന്നിന് എത്തും. മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് റിലീസ്. ശിവ നിർവാണ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബാണ്. ഷാരൂഖ് ഖാൻ–ആറ്റ്ലി ചിത്രം ജവാൻ സെപ്തംബർ ഏഴിന് എത്തും. നയൻതാര, വിജയ് സേതുപതി തുടങ്ങി വലിയ താര നിരയാണ് സിനിമയിയുടേത്. വിജയ് അതിഥിവേഷത്തിലെത്തുമെന്നും വാർത്തയുണ്ട്. 28ന് സലാർ എത്തും. കെജിഎഫിനു ശേഷം എത്തുന്ന പ്രശാന്ത് നീൽ പടത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ട്. ഒക്ടോബർ 19നാണ് വിജയ് – ലോകേഷ് കനകരാജ് ചിത്രം ലിയോ പ്രദർശനത്തിന് എത്തുക. ഓണത്തിനു ശേഷം ഇതര ഭാഷാ ചിത്രങ്ങളുടെ വലിയ റിലീസുകളുള്ളതുകൊണ്ട് മലയാളത്തിൽ പ്രധാന റിലീസുകൾക്ക് സാധ്യതകുറവാണ്.
പ്രേക്ഷകരെ തിരിച്ചുപിടിക്കും: ലിസ്റ്റിൻ സ്റ്റീഫൻ (നിർമാതാവ്)
ഓണത്തിന് തിയറ്ററിലെത്തുന്ന സിനിമകളെല്ലാം വലിയ സിനിമകളാണ്. രാമചന്ദ്ര ബോസ് ആൻഡ് കോ കോമഡി ആക്ഷൻ സിനിമയാണ്. യൂത്ത്, ഫാമിലി എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരം പടമാണ്. നിർമാതാക്കളെ സംബന്ധിച്ച് ഓണക്കാലം സത്യത്തിൽ വലിയ പ്രതീക്ഷയാണ്. കിങ് ഓഫ് കൊത്തയടക്കം എല്ലാ സിനിമകൾക്കും നല്ല കലക്ഷൻ കിട്ടും. വലിയ രീതിയിൽ ബിസിനസ് ചെയ്യുന്ന സിനിമകളായിരിക്കും ഇവ. ഈ വർഷം വരാനിരിക്കുന്ന മാസങ്ങളിൽ റിലീസിന് ഒരുങ്ങുന്ന മലയാള സിനിമകൾ എല്ലാംതന്നെ തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന പടങ്ങളാണ്. ഈ സിനിമകളിലൂടെ സിനിമാ വ്യവസായം തിരിച്ചുവരും. ഇതര ഭാഷാ സിനിമകളാണെങ്കിലും ലിയോ, ജവാൻ സലാർ അടക്കം വലിയ സിനിമകളാണ് വരാനുള്ളത്. ഇതെല്ലാം പ്രേക്ഷകരെ തിയറ്ററിലെത്തിക്കും.