കോഴിക്കോട്> ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ സർക്കാർ ആശുപത്രികൾ ‘ആന്റിബയോട്ടിക് സ്മാർട്ട്’ ആവും. ആന്റിബയോട്ടിക് ഉപയോഗ നിയന്ത്രണം, ഡോക്ടർമാരുടെ കുറിപ്പടി അവലോകനം, ബോധവൽക്കരണം, അണുബാധ നിയന്ത്രണം തുടങ്ങി ബഹുമുഖ ഇടപെടലിലൂടെ അശാസ്ത്രീയ ഉപയോഗം കുറക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ- ആരോഗ്യകേന്ദ്രങ്ങൾ എന്നിവയെ ആന്റിബയോട്ടിക് സ്മാർട്ട് ആക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. മരുന്നുകൾ ചെറുക്കുന്നതിനായി രോഗാണുക്കളിൽ രൂപപ്പെടുന്ന ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.
എല്ലാ ആശുപത്രികളിലും പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും. പ്രവർത്തനങ്ങൾ വിലയിരുത്താൻ ബ്ലോക്ക് തല എഎംആർ കമ്മിറ്റികൾക്ക് മാർഗനിർദേശങ്ങൾ നൽകി. രാജ്യത്ത് ആദ്യമായാണ് ബ്ലോക്ക് തലത്തിൽ എഎംആർ സമിതികൾ രൂപീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിൽ കൃത്യമായ അണുബാധ നിയന്ത്രണ സംവിധാനവും ആന്റിമൈക്രോബിയൽ സ്റ്റ്യുവർഡ്ഷിപ്പ് സമിതിയും (ആന്റിബയോട്ടിക് നിയന്ത്രണത്തിനുള്ള ചികിത്സാ മാർഗ നിർദേശവും അവലോകനവും) ഉണ്ടാകും. ആരോഗ്യ പ്രവർത്തകർക്ക് ഇതിൽ പരിശീലനം നൽകും. അണുബാധ നിയന്ത്രണമികവിനുള്ള എൻക്യുഎഎസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മൂന്നുമാസത്തിലൊരിക്കൽ ഡോക്ടർമാരുടെ കുറിപ്പടി അവലോകനം, ണ്ടാഴ്ചയിലൊരിക്കൽ പൊതുജനങ്ങൾക്കായി എഎംആർ ബോധവൽക്കരണ പരിപാടി എന്നിവ നടത്തണം. ബോധവൽക്കരണ പോസ്റ്ററുകൾ മലയാളത്തിൽ പ്രദർശിപ്പിക്കും. ഈ പ്രവർത്തനങ്ങൾ ബ്ലോക്ക് തല എഎംആർ വിലയിരുത്തി മാസംതോറും ഡിഎംഒക്ക് റിപ്പോർട്ട് നൽകണം. ഇത് സംസ്ഥാന തലത്തിൽ വിലയിരുത്തി തുടർനടപടിയെടുക്കും.
ഫാർമസിയിൽനിന്നുള്ള മരുന്ന് വിതരണം ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരമാവണം. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ നൽകില്ല എന്ന ബോർഡ് മെഡിക്കൽ സ്റ്റോറുകളിൽ പ്രദർശിപ്പിക്കണം. ബാക്കിയാവുന്ന മരുന്നുകൾ ‘പ്രൌഡ് ’ പദ്ധതി വഴി സുരക്ഷിതമായി സംസ്കരിക്കണം. സ്കൂൾ, റസിഡന്റ്സ് അസോസിയേഷൻ, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങി എല്ലാതലത്തിലും എഎംആർ ബോധവൽക്കരണം വ്യാപിപ്പിക്കും.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ ചെയർമാൻ
ബ്ലോക്ക്തല എഎംആർ സമിതിയുടെ ചെയർമാൻ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ആയിരിക്കും. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, അക്വാകൾച്ചർ, ഭക്ഷ്യസുരക്ഷ, മലിനീകരണ നിയന്ത്രണബോർഡ് തുടങ്ങിയ വകുപ്പുകളിലെയും ഐഎംഎ, ഐഎപി, എപിഐ, എഎഫ്പിഐ തുടങ്ങിയ സംഘടനകളിലെയും പ്രതിനിധികൾ അംഗങ്ങളായിരിക്കും.