തിരുവനന്തപുരം
വരുംകാല ആരോഗ്യപ്രശ്നങ്ങൾ, ജനിതക പ്രശ്നങ്ങൾ എന്നിവയുടെ പഠനങ്ങളും ഗവേഷണങ്ങളും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കേരള ജീനോം ഡാറ്റാ സെന്റർ (കെജിഡിസി) പദ്ധതിരേഖ നടപ്പാക്കുന്നതിന് ശാസ്ത്രോപദേശക, പ്രവർത്തനസമിതികൾ രൂപീകരിക്കാൻ സർക്കാർ അനുമതി. വൈദ്യശാസ്ത്രം, കാർഷിക, കന്നുകാലി മേഖലകൾക്ക് ഗുണകരമാകുന്ന ജീനോം ഡാറ്റാ സെന്റർ എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതികളിൽ ഒന്നാണ്.
ഏകാരോഗ്യം, സാമൂഹ്യാരോഗ്യം എന്നീ മേഖലകളിലുള്ള അനുഭവപരിചയം കണക്കിലെടുത്ത് കെജിഡിസി പ്രവർത്തന സമിതിയിൽ കെ മുഹമ്മദ് വൈ സഫീറുള്ളയെ ഉൾപ്പെടുത്തും. ഡോ. അജി പറയിലിനെയും ഡോ. രാം ചന്ദിനെയും ശാസ്ത്ര ഉപദേശക ബോർഡിന്റെ ഭാഗമാക്കും. വ്യത്യസ്ത മണ്ഡലങ്ങളിലായി ദേശീയതലത്തിൽ നാല് വിദഗ്ധസമിതികൾ രൂപീകരിക്കും.
കെജിഡിസി പദ്ധതിയിൽ നിലവിൽ മനുഷ്യ ജനിതക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഗവേഷകർക്കും ആശുപത്രികൾക്കും ആവശ്യമായ ഇന്ത്യൻ വംശജരുടെ ജനിതക വിവരങ്ങൾ ശേഖരിക്കാൻ നടപടിയെടുക്കും.
രൂപീകരിച്ച സമിതികളും ചുമതലയും
ഐടി ഇൻഫ്രാസ്ട്രക്ചർ വിദഗ്ധ സമിതി– -കെജിസിഡിയുടെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്ന ഐടി അടിസ്ഥാനസൗകര്യം വികസിപ്പിക്കുക. ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സോഫ്റ്റ്വെയർ–- കെജിസിഡി പ്രവർത്തകർക്കും ഗവേഷകർക്കും ബയോ ഇൻഫർമാറ്റിക്സിൽ വൈദഗ്ധ്യം നൽകുക. ജിനോമിക് സീക്വൻസിങ്–- സാമ്പിൾ തയ്യാറാക്കൽ, സീക്വൻസിങ് സാങ്കേതികവിദ്യ തുടങ്ങി വിവിധ കാര്യങ്ങളിൽ ഉപദേശം നൽകൽ. ഡാറ്റ നയരൂപീകരണ സമിതി –-ഡാറ്റ കൈകാര്യം ചെയ്യൽ, സുരക്ഷ, പങ്കിടൽ എന്നിവയിൽ ഉപദേശവും നിർദേശവും നൽകുക.
അരിവാൾരോഗ നിർമാർജനത്തിന് പദ്ധതി വേണം
കേരളത്തിലെ അരിവാൾരോഗം തുടച്ചുനീക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കെജിഡിസിയുടെ കീഴിൽ പദ്ധതി ആരംഭിക്കുന്നത് ഗുണം ചെയ്യുമെന്ന് നിർദേശം. കേരളത്തിലെ ആദിവാസി സമൂഹങ്ങളിൽ വിവിധ ജനിതക രോഗങ്ങൾ സ്ഥിരീകരിക്കപ്പെടുന്നുണ്ട്.
അതിൽ പ്രധാനമാണ് അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ). 2047-നകം ഈ രോഗം നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം.