തിരുവനന്തപുരം> യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ആഘോഷിച്ച ‘കൈതോലപ്പായ’ തെളിവില്ലാതെ കീറുന്നു. സിപിഐ എമ്മിനെ ലക്ഷ്യമിട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ജി ശക്തീധരനും അതിന്റെയടിസ്ഥാനത്തിൽ പരാതി നൽകിയ ബെന്നി ബെഹ്നാനും യാതൊരു തെളിവും നൽകാനായില്ല. ബെന്നി ബെഹ്നാന്റെപരാതിയിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കന്റോൺമെന്റ് അസി. കമീഷണർ സിറ്റി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ഇത് സംബന്ധിച്ച കരട് റിപ്പോർട്ട് തയ്യാറാക്കി.
ശക്തീധരന്റെ ആരോപണങ്ങൾക്ക് തെളിവില്ലാത്തതാണെന്നും പുകമറ സൃഷ്ടിക്കുന്നതാണെന്നുമാണ് കരട് റിപ്പോർട്ടിൽ പറയുന്നത്. ശക്തീധരന്റെ ആരോപണമുന്നയിച്ചതിന്റെ അടിസ്ഥാനത്തലാണ് ബെന്നി ബെഹ്നാൻ എംപി പരാതി നൽകിയത്. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് ഒന്നും പറയാനില്ല എന്നായിരുന്നു ശക്തീധരൻ മൊഴിയെടുക്കുമ്പോൾ വ്യക്തമാക്കിയത്. സിപി ഐ എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി രൂപയോളം കൈതോലപ്പായയിൽ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നായിരുന്നു ശക്തീധരന്റെ ആക്ഷേപം. ഫേസ്ബുക്ക് പോസ്റ്റിനപ്പുറം യാതൊരു തെളിവും ഹാജരാക്കാനില്ലെന്ന് ബെന്നിയും മൊഴി നൽകിയിരുന്നു.