തിരുവനന്തപുരം
പുറത്തുനിന്ന് ദിവസവും വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യതയും ഡാമുകളിൽ അധിക വൈദ്യുതി ഉൽപ്പാദനത്തിന് വെള്ളമില്ലാത്ത പ്രതിസന്ധിയും സർക്കാരിനെ അറിയിക്കാൻ വൈദ്യുതിനില അവലോകന യോഗം തീരുമാനിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും നിരക്ക് വർധന ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി. പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും വേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ മന്ത്രിയെ അറിയിച്ചു.
ഡാമുകളിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായ സാഹചര്യവും പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപ വരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താനായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ കെഎസ്ഇബിയിലെയും ഊർജ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്. തുടർ നടപടി സ്വീകരിക്കാനുള്ള നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കാൻ കെഎസ്ഇബി ബോർഡ് ചെയർമാനെ മന്ത്രി ചുമതലപ്പെടുത്തി. ഈ റിപ്പോർട്ട് 21ന് നൽകണം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ അടുത്ത ദിവസങ്ങളിലായി അധിക ബാധ്യത ബോർഡിന് വരുന്നുണ്ട്. ഈ സാഹചര്യം എങ്ങനെ മറികടക്കാമെന്ന നിർദേശം സമർപ്പിക്കാനാണ് കെഎസ്ഇബിയോട് മന്ത്രി ആവശ്യപ്പെട്ടത്. അടുത്ത ആഴ്ചകളിൽ കൂടുതൽ മഴ ലഭിക്കാൻ ഇടയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പും യോഗം അവലോകനം ചെയ്തു.















