പുതുപ്പള്ളി
കിടങ്ങൂരിലെ യുഡിഎഫ്–- ബിജെപി സഖ്യത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയുടെ മുൻകൈയിൽ രൂപപ്പെട്ട സഖ്യത്തെ തള്ളിപ്പറയാൻ ബുധനാഴ്ചത്തെ വാർത്താസമ്മേളനത്തിലും പ്രതിപക്ഷനേതാവ് കൂട്ടാക്കിയില്ല.
കിടങ്ങൂരിലെ സഖ്യവാർത്തകൾ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പേതന്നെ മാധ്യമങ്ങളിൽ നിറഞ്ഞിട്ടും വിപ്പ് നൽകാൻ യുഡിഎഫ് ജില്ലാനേതൃത്വം തയ്യാറായില്ല. കൂറുമാറ്റക്കേസിൽപെട്ട് യുഡിഎഫ് അംഗങ്ങൾ അയോഗ്യരാകാതിരിക്കാനാണ് വിപ്പ് ഒഴിവാക്കിയത്. എന്നാൽ, വിപ്പ് നൽകിയെന്ന് മോൻസ് പറഞ്ഞെന്നായിരുന്നു സതീശന്റെ മറുപടി. തുടർന്ന് സഖ്യത്തെ കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
തെരഞ്ഞെടുക്കപ്പെട്ടവർ രാജിവയ്ക്കുമെന്ന് പി ജെ ജോസഫ് നേരത്തെ പറഞ്ഞെങ്കിലും പ്രസിഡന്റ് രാജിവച്ചിട്ടില്ല. ബിജെപി പ്രതിനിധി വൈസ് പ്രസിഡന്റായും തുടരുന്നു. വിപ്പ് നൽകാത്തതിനാൽ പഞ്ചായത്തീരാജ് നിയമപ്രകാരമുള്ള കൂറുമാറ്റമടക്കമുള്ള നിയമനടപടികളും അസാധ്യമായി.
മോൻസിന്റെ മണ്ഡലമായ കടുത്തുരുത്തിയുടെ അതിർത്തി പഞ്ചായത്താണ് കിടങ്ങൂർ. ഇതിനോടുചേർന്നുള്ള മണ്ഡലമാണ് പുതുപ്പള്ളി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ് ഇവിടെ ബിജെപി സ്ഥാനാർഥി. മോൻസിന്റെ മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിലെ സ്ഥാനാർഥിയുമായിരുന്നു. അന്നും ബിജെപി –- മോൻസ് കൂട്ടുകെട്ട് ചർച്ചയായിരുന്നു.
ഏറ്റുമാനൂരിലും യുഡിഎഫ്–ബിജെപി ധാരണ
കിടങ്ങൂർ പഞ്ചായത്തിനുപിന്നാലെ പുതുപ്പള്ളി മണ്ഡലത്തിന് സമീപത്തെ ഏറ്റുമാനൂർ നഗരസഭയിലും യുഡിഎഫ്–-ബിജെപി ധാരണ. ഭൂരിപക്ഷം നഷ്ടമായ യുഡിഎഫ് ഭരണസമിതിയെ രക്ഷിക്കാൻ ബിജെപി അംഗങ്ങൾ ബുധനാഴ്ചത്തെ അവിശ്വാസപ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു. യുഡിഎഫും ബഹിഷ്കരിച്ചതോടെ കൗൺസിൽ യോഗം ക്വാറംതികയാതെ പിരിഞ്ഞു. യുഡിഎഫിന്റെ വിപ്പ് അവഗണിച്ച് വൈസ് ചെയർമാൻ കെ ബി ജയമോഹനും സ്വതന്ത്ര അംഗങ്ങളായ സുനിത ബിനീഷും ബീന ഷാജിയും യോഗത്തിനെത്തി. കേരളകോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയാണ് വൈസ് ചെയർമാൻ.
കൗൺസിലിൽ 35 അംഗങ്ങളാണുള്ളത്. യുഡിഎഫ്–-13, എൽഡിഎഫ്–12, ബിജെപി–-ഏഴ്, സ്വതന്ത്രർ–- മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിച്ചിരുന്നത്. എന്നാൽ, വൈസ് ചെയർമാൻ കെ ബി ജയമോഹനും രണ്ട് സ്വതന്ത്രരും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നും ഭരണസമിതി രാജിവയ്ക്കേണ്ടിവരുമെന്നും ഉറപ്പായതോടെ യുഡിഎഫും ബിജെപിയും ധാരണയിലെത്തുകയായിരുന്നു. ഒരു സ്വതന്ത്രാംഗവും 12 യുഡിഎഫ് അംഗങ്ങളും ബിജെപിയുടെ ഏഴ് അംഗങ്ങളും യോഗം ബഹിഷ്കരിച്ചു. ക്വാറം തികയാൻ 18 അംഗങ്ങളാണ് വേണ്ടിയിരുന്നത്. പുതുപ്പള്ളി മണ്ഡലത്തിനടുത്തുള്ള കിടങ്ങൂർ പഞ്ചായത്തിൽ കഴിഞ്ഞദിവസം യുഡിഎഫ്–-ബിജെപി സഖ്യം ഭരണം പിടിച്ചിരുന്നു. ഇവിടെ യുഡിഎഫ് അംഗത്തെ പ്രസിഡന്റ് ആക്കാൻ അഞ്ച് ബിജെപി അംഗങ്ങൾ വോട്ടുചെയ്തു. ബിജെപി നേതാവിനെ പഞ്ചായത്ത് വൈസ്പ്രസിഡന്റാക്കാൻ യുഡിഎഫിലെ മൂന്ന് അംഗങ്ങളും വോട്ടുനൽകി.















