തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ കരുതലായി 6.07 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ. ഏറ്റവും ആവശ്യക്കാരെ തേടിയാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും കിറ്റുകൾ എത്തുന്നത്. മഞ്ഞക്കാർഡുകാർക്കും (എഎവൈ കാർഡുകൾ) ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമായിരിക്കും ഇത്തവണ കിറ്റുകൾ. സഞ്ചി ഉൾപ്പെടെ 14 അവശ്യ സാധനമുണ്ടാകും. ഇതിനായി സപ്ലൈകോയ്ക്ക് മുൻകൂറായി 32 കോടി രൂപ അനുവദിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മഞ്ഞക്കാർഡുകാർ 5,87,691 പേരാണ്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റും നൽകും. റേഷൻകട മുഖേനയാണ് വിതരണം. 20ന് ആരംഭിച്ച് ഓണത്തിനുമുമ്പ് കിറ്റുകളുടെ വിതരണം പൂർത്തീകരിക്കും. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തുമാണ് എല്ലാ റേഷൻ കാർഡുടമകൾക്കും ഓണക്കിറ്റ് നൽകിയിരുന്നത്.
നിർധന വിദ്യാർഥികൾക്ക് യാത്ര സൗജന്യം
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസിയിൽ യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എസ്എസ്എൽസി കഴിഞ്ഞവർക്ക് തൊട്ടടുത്ത സ്കൂളിൽ പഠന സൗകര്യം ഏർപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപെൻഡ്, കോളേജ് ക്യാന്റീനിൽ സൗജന്യ ഭക്ഷണം എന്നിവയും നൽകും.
അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കും. ഭിന്നശേഷിക്കാർക്ക് യുഡിഐഡി നൽകുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡുണ്ടാക്കും. കുടുംബാംഗങ്ങൾക്ക് വരുമാനമാർഗം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അലഞ്ഞുതിരിയുന്നവരിൽ മാനസിക പ്രശ്നമുള്ളവർക്ക് മനോരോഗ വിദഗ്ധരുടെ സേവനവും മരുന്നുകളും ലഭ്യമാക്കണം. റേഷൻകാർഡുകൾ തരംമാറ്റുന്നത് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ ഘടകങ്ങളാണ് അതിദരിദ്ര നിർണയത്തിലുള്ളത്. കൃത്യമായ ഭക്ഷണം ലഭിക്കാത്ത 4736 കുടുംബമുണ്ട്. ആരോഗ്യപ്രശ്നമുള്ള 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബവും. വരുമാനമില്ലാത്ത 1705 കുടുംബവും ഭക്ഷണവും ആരോഗ്യവും പ്രശ്നമായ 8671 കുടുംബങ്ങളുമാണുള്ളത്. പട്ടികയിൽ സങ്കേതിക തടസ്സമില്ലാത്ത എല്ലാവർക്കും അവകാശ രേഖകൾ നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡുകളും പശു, തയ്യൽ മെഷീൻ എന്നിവയും കുട്ടികൾക്ക് പഠനോപകരണങ്ങളും നൽകി.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, കെ രാധാകൃഷ്ണൻ, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, വിണാ ജോർജ്, ആർ ബിന്ദു, എ കെ ശശീന്ദ്രൻ, ആന്റണി രാജു, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി വേണു എന്നിവർ സംസാരിച്ചു.