ഇടുക്കി
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ സ്വന്തമായും ബിനാമി ഇടപാടിലും വാങ്ങിയ അനധികൃത ആഡംബര റിസോർട്ടിന്റെ പേരും മാറ്റി. കുന്നിടിച്ചുനിരത്തി നിർമിച്ചതാണ് 6000 ചതുരശ്ര അടി വിസ്തീർണമുള്ള റിസോർട്ട്. ചിന്നക്കനാൽ പഞ്ചായത്ത് ആറാം വാർഡായ പാപ്പാത്തിച്ചോല ഷൺമുഖവിലാസം സർവേ നമ്പർ 34/1 ലെ 57 സെന്റ് കുഴൽനാടൻ ഉൾപ്പെടെ മൂന്ന് പേരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഴൽനാടൻ പ്ലോട്ട്വാങ്ങുമ്പോഴുള്ള ‘അൽഫോൻസ് കപ്പിത്താൻസ്’ എന്ന പേര് അടുത്തിടെ ‘എറ്റേണോ കപ്പിത്താൻസ് ഡേൽ’ എന്നാക്കിമാറ്റി. നിലവിൽ റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള മുറിയൊന്നിന് ദിവസ വാടക ശരാശരി അയ്യായിരത്തിലധികമാണ്.
പതിനഞ്ചോളം വർഷം പഴക്കമുള്ള കെട്ടിടസമുച്ചയം ആവശ്യമായ നിയമസാധുതയില്ലാതെയാണ് കെട്ടി ഉയർത്തിയത്. ഒരു കെട്ടിടത്തിന് നിരാക്ഷേപ പത്രത്തിനായി (എൻഒസി) 2023 മാർച്ച് 24നാണ് കുഴൽനാടൻ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകിയത്. തഹസിൽദാർ എൻഒസി അപേക്ഷ കലക്ടറേറ്റിലേക്ക് അയച്ചു. പ്രഥമദൃഷ്ട്യാ അനധികൃതമാണെന്ന് ബോധ്യപ്പെട്ടതിനാൽ എൻഒസി നൽകിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോടികൾ മൂല്യംവരുന്ന ഭൂമി വില കുറച്ചുകാട്ടി ആധാരംചെയ്തത്. സമയബന്ധിതമായി പോക്കുവരവ് ചെയ്യാനായില്ല. ഏറെ നൂലാമാലകളും നിയമക്കുരുക്കുകളും ഉണ്ടായിരുന്നതിനാൽ മൂന്നുവർഷത്തിനുശേഷമാണ് രണ്ട് കെട്ടിടസമുച്ചയത്തിന് പോക്കുവരവ് തരപ്പെടുത്തിയത്.
പരിസ്ഥിതി പ്രധാനമായ കുന്നിൻചരിവ് ഇടിച്ചുനികത്തി നിർമിച്ച ആഡംബര കെട്ടിടമാണ് കുഴൽനാടൻ വാങ്ങിയത്. ഉയർന്ന പ്രദേശത്തുനിന്നുള്ള വിദൂര–-താഴ്വാര കാഴ്ചകൾ ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നതിനാൽ കൂടുതൽ പണം ഉണ്ടാക്കാമെന്ന കച്ചവടക്കണ്ണും ഇതിനുപിന്നിലുണ്ട്.
മറുപടിയില്ലാതെ
കുഴൽനാടൻ
ചിന്നക്കനാലിൽ ഭൂമിയും ആഡംബര റിസോർട്ടും വാങ്ങിയതിലെ നികുതി വെട്ടിപ്പിലും ബിനാമി ഇടപാടിലും ഉയർന്ന ആരോപണങ്ങളിൽ മറുപടിയില്ലാതെ മാത്യു കുഴൽനാടൻ എംഎൽഎ. ന്യായവിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് ആധാരം രജിസ്റ്റർ ചെയ്തതെന്ന വാദം ഉയർത്തി തടിതപ്പാനായിരുന്നു നോട്ടം. വാർത്താസമ്മേളനത്തിൽ വ്യക്തവും വിശ്വസനീയവുമായ മറുപടി പറയാതെ ഉരുണ്ടുകളിച്ചു.
ചിന്നക്കനാലിൽ വാങ്ങിയ 46.43 ആർ ഭൂമിക്ക് ന്യായവില പ്രകാരം 1.17 കോടി രൂപ പ്രമാണത്തിൽ കാട്ടിയാൽ മതിയായിരുന്നു. എന്നാൽ, 1.93 കോടി രൂപ കാണിക്കുകവഴി ആറുലക്ഷം രൂപ അധികമായി നികുതി ഒടുക്കി. ഇടപാട് പൂർണമായും കണക്കിൽപ്പെട്ട പണത്താൽ ആയിരിക്കണമെന്നതിനാലാണ് ഇത്തരത്തിൽ നികുതി ഒടുക്കിയെതെന്നായി വിശദീകരണം. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പുകമീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഇതേ വസ്തുവിന് മൂന്നരക്കോടി രൂപ വില കാട്ടിയത് സംബന്ധിച്ച വിചിത്രമായ അവകാശവാദവും നിരത്തി. നേരത്തേ നടന്ന രണ്ടു ഭൂമി ഇടപാടുകളും ആറേഴ് മാസംമുമ്പ് വാങ്ങിയ ഭൂമിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമെല്ലാം ചേർത്തതെന്നായി വാദം.
ആരോപണങ്ങൾ തന്റെ നിയമസ്ഥാപനത്തിന് കളങ്കംവരുത്തി. പ്രമുഖ അഭിഭാഷകരാണ് പങ്കാളികൾ. ബ്രിട്ടനിലും സിംഗപ്പൂരിലുമൊക്കെയുള്ള ആളുകൾക്ക് സ്ഥാപനവുമായി ബന്ധമുണ്ട്. ഇവർവഴി വിദേശപണം എത്തിയിട്ടുണ്ട്. തിരുവിതാംകൂർ രാജകുടുംബമടക്കം കക്ഷികളാണ്. ഇക്കാലയളവിൽ രണ്ടരക്കോടിയോളം രൂപ സ്ഥാപനം നികുതി ഒടുക്കിയിട്ടുണ്ട്. ഇതിന്റെ കണക്കുകൾ ആർക്കും പരിശോധിക്കാം. ഇതുപോലെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന്റെ കണക്കുകളും പുറത്തുവിടണമെന്ന വാദമാണ് പ്രതിരോധമായി ഉയർത്തിയത്. സത്യവാങ്മൂലത്തിലെയും തഹസിൽദാർക്ക് നൽകിയ അപേക്ഷയിലെയും ഒപ്പുകളിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മറുപടി നൽകി.
ഗസ്റ്റ് ഹൗസെന്ന് കുഴൽനാടൻ
ചിന്നക്കനാലിലെ ഭൂമിയിലുള്ള കൂറ്റൻ ആഡംബര റിസോർട്ട് കെട്ടിടം ഗസ്റ്റ് ഹൗസാണെന്ന് കുഴൽനാടൻ അവകാശപ്പെട്ടു. ലാൻഡ് അസൈൻമെന്റ് ആക്ടുപ്രകാരം ഈ മേഖലയിലെ ഭൂമിയിൽ കെട്ടിടങ്ങൾ നിർമിക്കാൻ പാടില്ലെന്നത് കുഴൽനാടൻ അംഗീകരിച്ചു. എന്നാൽ, തന്റെ ഭൂമിയിലെ മുഴുവൻ കെട്ടിടവും അംഗീകാരമുള്ളതും ഗസ്റ്റ് ഹൗസ് ഉപയോഗത്തിനുള്ളതുമാണെന്നത് മനസ്സിലാക്കിയാണ് വാങ്ങിയത്. ഇതേ കെട്ടിടം നിലവിലുള്ളപ്പോൾ വീട് വയ്ക്കാൻ അനുവാദം തേടിയതെന്തിനെന്ന ചോദ്യത്തിന് ഒരു ഭൂമിയിൽ ഒന്നോ രണ്ടോ വീട് വയ്ക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്നായിരുന്നു മറുപടി.