കോട്ടയം
പി ജെ ജോസഫ് വിഭാഗം കിടങ്ങൂരിൽ ബിജെപിയുമായുണ്ടാക്കിയ സഖ്യം പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അംഗങ്ങൾക്ക് എന്തുകൊണ്ട് വിപ്പു നൽകിയില്ല എന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നേതൃത്വം വിയർക്കുകയാണ്.
ബിജെപി ജില്ലാ പ്രസിഡന്റും പുതുപ്പള്ളിയിലെ സ്ഥാനാർഥിയുമായ ലിജിൻ ലാലിന്റെ അറിവോടെയാണ് കിടങ്ങൂർ സഖ്യം രൂപപ്പെട്ടതെന്നും നാട്ടിൽ പാട്ടാണ്. കേരള കോൺഗ്രസിന്റെ നേതൃനിരയിലുള്ളയാൾ കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുമായി കിടങ്ങൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വാർത്തയുണ്ട്. അതുകൊണ്ടുതന്നെ പി ജെ ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗത്തെ പുതുപ്പള്ളിയിലും കോൺഗ്രസ് സംശയത്തോടെയാണ് കാണു ന്നത്.
കേരള കോൺഗ്രസിലെ കിടങ്ങൂർ ഉൾപ്പെടുന്ന മേഖലയിൽനിന്നുള്ള രണ്ട് ഉന്നത നേതാക്കളുടെ ആസൂത്രണത്തിലൂടെയാണ് സഖ്യം രൂപപ്പെടുത്തിയത്. പഞ്ചായത്തീരാജ് നിയമപ്രകാരം അംഗങ്ങൾക്ക് വിപ്പ് നൽകാതിരുന്നതിലെ പരിഹാസ്യത അവിശുദ്ധസഖ്യത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഇത് ഒഴിവാക്കി വന്ന സംഘടനാ നടപടിയും മുൻ തിരക്കഥയുടെ ഭാഗം തന്നെയായിരുന്നു.ബിജെപി സഖ്യം പാടില്ലെന്ന് ആവശ്യപ്പെട്ട് വിപ്പ് കൊടുക്കാനുള്ള കേരള കോൺഗ്രസ് നീക്കം തടഞ്ഞതും ഈ നേതാക്കളാണ്. വിപ്പ് നൽകിയിരുന്നെങ്കിൽ കിടങ്ങൂരിലെ മൂന്ന് അംഗങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം വിലക്കുവന്ന് അയോഗ്യരാക്കപ്പെട്ടേനെ. രണ്ടര വർഷം കഴിഞ്ഞ് കാലാവധി തീരുമ്പോൾ ‘അവർ നമുക്കൊപ്പം ഉണ്ടാകു’മെന്ന് സംസ്ഥാന നേതാവ് അടുപ്പക്കാരോട് വെളിപ്പെടുത്തി.