തിരുവനന്തപുരം
നവകേരളത്തിന്റെ കുതിപ്പിന് വഴിയൊരുക്കി സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെ നിർമിതിയുടെയും സമ്മേളനവേദിയായ ഫ്രീഡം ഫെസ്റ്റിന്റെ ആദ്യപതിപ്പിന് സമാപനം. സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം (ഡിഎകെഎഫ്) വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നാലുനാൾ ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച ഫെസ്റ്റ് പങ്കാളിത്ത, വിഷയാവതരണങ്ങൾ കൊണ്ട് ശ്രദ്ധേയമായി. വിജ്ഞാനം, നൂതനാശയം, സാങ്കേതികവിദ്യ എന്നിങ്ങനെ ഫെസ്റ്റ് മുന്നോട്ടുവച്ച ആശയങ്ങളെ മുൻനിർത്തി സംവാദങ്ങളും അനുബന്ധ പരിപാടികളും നടന്നു. പതിനായിരത്തോളം പേർ പങ്കെടുത്തു.
ഫ്രീഡം ഫെസ്റ്റിലെ യങ് പ്രൊഫഷണൽ മീറ്റിൽ സംസ്ഥാനത്തെ രണ്ടായിരത്തോളം പ്രൊഫഷണലുകൾ പങ്കെടുത്തു. ഐഡിയാത്തോണിൽ നാനൂറോളം ആശയങ്ങൾ അവതരിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യത്തിനായി ഒട്ടേറെ നൂതനാശയങ്ങൾ ഉയർന്നു.എക്സിബിഷനിൽ വിവിധ സർക്കാർ സേവനങ്ങൾ ഡിജിറ്റൽ മികവോടെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. വിജ്ഞാനത്തിന്റെ അതിരില്ലാത്ത ലോകം വിഭാവനം ചെയ്താണ് ഫെസ്റ്റിന്റെ സമാപനം.
സമാപനസമ്മേളനം അക്കാദമിക് ചെയർമാൻ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഡിഎകെഎഫ് ജനറൽ സെക്രട്ടറി ടി ഗോപകുമാർ, കെ എസ് ഹിരോഷ്കുമാർ, ഡോ. ജിജു പി അലക്സ്, സുമേഷ് ദിവാകരൻ, ജി ജയരാജ്, കെ അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു. ഐഡിയാത്തോൺ ജേതാക്കൾക്കുള്ള സമ്മാനദാനവും നടന്നു.