ഹൈദരാബാദ്
ഇന്ത്യൻ ഫുട്ബോളിലെ ആദ്യ പ്രൊഫഷണൽ താരം എന്നറിയപ്പെടുന്ന മുഹമ്മദ് ഹബീബ് (74) വിടവാങ്ങി. ഏറെക്കാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. 1970ലെ ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഹബീബ്. 1977ൽ ബ്രസീൽ ഇതിഹാസം പെലെയ്ക്കെതിരെ കളിക്കാൻ അവസരം കിട്ടി.
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമാണ് ഹബീബ്. ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായിരുന്നു. കളി മെനയാനും കളിപ്പിക്കാനും അസാമാന്യ കഴിവുണ്ടായി. 1965 മുതൽ 76 വരെ ഇന്ത്യൻ ടീമിനായി പല പ്രധാന ടൂർണമെന്റുകളിലും കളിച്ചു. അതിലെ ഏറ്റവുംമികച്ച ഏടായിരുന്നു 1970ലെ ഏഷ്യൻ ഗെയിംസ്. ബാങ്കോക്കിൽ നടന്ന കളിയിൽ 1–-0ന് ജപ്പാനെ തോൽപ്പിച്ചാണ് വെങ്കലം നേടിയത്. പി കെ ബാനർജിയായിരുന്നു ഇന്ത്യൻ ടീം പരിശീലകൻ.
1977 സെപ്തംബറിൽ ന്യൂയോർക്ക് കോസ്മോസ് കൊൽക്കത്തയിൽ കളിക്കാനെത്തിയപ്പോൾ മോഹൻ ബഗാനുവേണ്ടി ഹബീബും ഇറങ്ങി. പെലെയ്ക്കൊപ്പം കർലോസ് ആൽബെർട്ടോ, ജോർജിയോ ചിനാഗ്ലിയ തുടങ്ങിയ താരനിരയായിരുന്നു കോസ്മോസിന്. കോസ്മോസ്–-ബഗാൻ മത്സരം 2–-2നാണ് അവസാനിച്ചത്. മത്സരത്തിൽ ബഗാനുവേണ്ടി ഹബീബ് ഒരു ഗോളടിച്ചു. മത്സരത്തിനുശേഷം ഹബീബിനെ പെലെ അഭിനന്ദിച്ചു.
ഹൈദരാബാദുകാരനായിരുന്നെങ്കിലും സന്തോഷ് ട്രോഫിയിൽ ബംഗാളിനുവേണ്ടിയാണ് കളിച്ചത്. 1969ൽ ബംഗാൾ ചാമ്പ്യൻമാരായപ്പോൾ 11 ഗോളുമായി ഈ ഹൈദരാബാദുകാരൻ ടോപ് സ്കോററായി. ക്ലബ് തലത്തിൽ ഈസ്റ്റ് ബംഗാൾ, ബഗാൻ, മുഹമ്മദൻസ് ടീമുകൾക്കായും കളിച്ചു. വിരമിച്ചശേഷം ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പരിശീലകനായി. 1980 രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. അവസാനകാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടി. ഓർമശക്തിയും കുറഞ്ഞു.