കൊച്ചി> കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാർഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
‘‘ഉൾക്കൊള്ളൽ സമൂഹത്തെപ്പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് അപലപനീയമാണ്.
അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്. ഭാഷ തൊട്ട് ദൈനംദിന ജീവിത വ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം’’– മന്ത്രി പറഞ്ഞു.