ചാല > അച്ഛന്റെ തോളിൽ ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരനെ ബലംപ്രയോഗിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ട്രാൻസ്ജെൻഡറായ പ്രതി ഗീതു നായർ (33) റിമാൻഡിൽ. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ഇവരെ പാലക്കാടുള്ള ജയിലിലേക്ക് മാറ്റി. പഴവങ്ങാടിയിൽ ഞായർ വൈകിട്ട് ആറരയോടെയാണ് സംഭവം. സംഭവമറിഞ്ഞുടൻ എത്തിയ ഫോർട്ട് പൊലീസ് നെട്ടയം സ്വദേശി ഗീതു നായരെ (ബിനോയ്) അറസ്റ്റ് ചെയ്തിരുന്നു.
നാലാഞ്ചിറ സ്വദേശിയായ പ്രസാദും കുടുംബവും ഓവർബ്രിഡ്ജിന് സമീപം വണ്ടി പാർക്ക് ചെയ്തശേഷം പുത്തരിക്കണ്ടം മൈതാനത്തേക്ക് നടന്നുവരവെയാണ് പ്രതി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത്. പ്രസാദിന്റെ തോളിൽ കിടന്നുറങ്ങിയ കുഞ്ഞിന്റെ കൈയിൽ പിടിച്ച് വലിച്ചെടുക്കാനാണ് ആദ്യം ശ്രമിച്ചത്. തടഞ്ഞ പ്രസാദിന്റെ മുഖത്തടിക്കുകയും മാരകമായി ദേഹോപദ്രവം ഏൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. മൈതാനത്ത് നടക്കുന്ന സർക്കസ് കാണാൻ എത്തിയതായിരുന്നു കുടുംബം. ഭാര്യയും മൂത്തമകനും പേടിച്ച് നിലവിളിച്ചെങ്കിലും ചുറ്റുമുള്ളവരാരും സഹായത്തിനെത്തിയില്ലെന്ന് പ്രസാദ് പറഞ്ഞു. കുടുംബം പ്രതികരിച്ചതോടെ പ്രതി സർക്കസ് മൈതാനത്തേക്ക് ഓടി രക്ഷപെട്ടു. ആക്രമണത്തിൽ പരിക്കുപറ്റിയ പ്രസാദ് ഫോർട്ട് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതേദിവസം പ്രതി ഗീതു നായർ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പൂക്കടയിൽ മദ്യലഹരിയിലെത്തി ബഹളം വയ്ക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരനെ കൈയേറ്റം ചെയ്ത് ചെവി കടിച്ചു മുറിച്ചു. നാട്ടുകാർ ഇടപെട്ടതോടെ ഗീതു രക്ഷപെടുകയായിരുന്നു. തുടർന്ന് ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല. ഇതിന് തൊട്ടുപിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം. തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കൽ, കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഗീതുവിനെതിരെ കേസ് എടുത്തത്. ഓവർബ്രിഡ്ജിന് താഴെ സ്ഥിരമായി കാണുന്നയാളാണ് ഗീതുവെന്നും സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും ആരോപണം ഉണ്ട്.