തിരുവനന്തപുരം
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡൽ സംസ്ഥാനത്തെ 10 പൊലീസ് ഉദ്യോഗസ്ഥർക്ക്. ഒരാൾക്ക് വിശിഷ്ടസേവനത്തിനും മറ്റുള്ളവർക്ക് സ്തുത്യർഹസേവനത്തിനുമാണ് മെഡൽ.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പൊലീസ് സൂപ്രണ്ട് ആർ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള മെഡലിന് അർഹനാ
യത്.
കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണൽ എസ്പി സോണി ഉമ്മൻ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി എം ബൈജു പൗലോസ്, കുന്നംകുളം അസിസ്റ്റൻഡ് കമീഷണർ സി ആർ സന്തോഷ്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ ജി ആർ അജീഷ് എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള മെഡലിന് അർഹരായത്. ആംഡ് പൊലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർ എൻ എസ് രാജഗോപാൽ, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ എസ് ശ്രീകുമാർ, കോഴിക്കോട് റൂറൽ സൈബർ സെൽ എസ്ഐ പി കെ സത്യൻ, തിരുവനന്തപുരം മ്യൂസിയം എസ്ഐ ആർ ജയശങ്കർ, പൊലീസ് ട്രെയ്നിങ് കോളേജിൽനിന്ന് വിരമിച്ച ആംഡ് പൊലീസ് ഇൻസ്പെക്ടർ എൻ ഗണേഷ് കുമാർ എന്നിവരും സ്തുത്യർഹസേവനത്തിനുള്ള മെഡലിന് അർഹരായി.
ബെെജു പൗലോസിന് കുറ്റാന്വേഷണ മികവിനുള്ള അംഗീകാരം
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് തീവ്രവാദവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസിനെ അർഹനാക്കിയത് അർപ്പണബോധവും കുറ്റാന്വേഷണ മികവും. മുരിങ്ങൂർ സ്വദേശിയായ ബൈജു പൗലോസിനെ ഈ നേട്ടത്തിലെത്തിച്ചത് അന്വേഷണത്തിലടക്കം സ്വീകരിക്കുന്ന അർപ്പണബോധമാണ്.
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള 2019ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരവും മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ തുമ്പുണ്ടാക്കിയത് അന്ന് പെരുമ്പാവൂർ സിഐ ആയിരുന്ന ബൈജു പൗലോസിന്റെ അന്വേഷണ മികവിലൂടെയാണ്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്ന് നടൻ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത് അദ്ദേഹം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നു. ഇത് പുറത്തായപ്പോൾ പ്രതികൾക്കെതിരെ കേസെടുത്തിരുന്നു.
മുരിങ്ങൂർ മച്ചാംമ്പിള്ളി പൗലോസിന്റെയും -റോസിലിയുടെയും മകനായ ബൈജു 2003ൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷൻ എസ്ഐയായാണ് സർവീസ് തുടങ്ങിയത്. പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധക്കേസിലെ അന്വേഷകസംഘത്തിലും ഉണ്ടായിരുന്നു.