പുതുപ്പള്ളി > ജെയ്ക് സി തോമസിന്റെ വിജയത്തിന് ഊർജിതമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേരള കോൺഗ്രസ് എം. മുഴുവൻ ഘടകങ്ങളും പോഷകസംഘടനകളും സജീവ പ്രചാരണത്തിന് രൂപം നൽകി. പുതുപ്പള്ളി നിയോജകമണ്ഡലം യോഗത്തിൽ എംഎൽഎമാർക്ക് ചുമതലകൾ കൈമാറി.
ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിന് വാകത്താനം, അകലകുന്നം, അയർക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ് നൽകിയത്. അഡ്വ. ജോബ് മൈക്കിൾ എംഎൽഎയ്ക്ക് പുതുപ്പള്ളി, മണർകാട് പഞ്ചായത്തുകളുടെയും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്ക് പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളുടെയും ചുമതല നൽകി.
മറ്റ് നേതാക്കളായ ബേബി ഉഴുത്തുവാൽ, ജോസ് പാറേക്കാട്ട്, കെ ജെ ഫിലിപ്പ്, കെ പി ജോസഫ്, രാജേഷ് വാളിപ്ലാക്കൽ, ബൈജു പുതിയടത്ത് ചാലിൽ, സാജൻ തൊടുക, സണ്ണി മാത്യു എന്നിവർക്ക് സഹചുമതലകളും നൽകിയിട്ടുണ്ട്. യൂത്ത് ഫ്രണ്ടും വനിതാ കോൺഗ്രസും കെഎസ്സിയും പ്രത്യേക സ്ക്വാഡ് പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തും. പാർടി ചെയർമാൻ ജോസ് കെ മാണി എംപി തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും.
നേതൃയോഗം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടത്ത് അധ്യക്ഷനായി.















