ലാഹോർ
പാകിസ്ഥാനിൽ ചൈനീസ് എൻജിനിയർമാർക്ക് നേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗ്വാദറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പ്രവർത്തിക്കുന്ന എൻജിനിയർമാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് രണ്ട് ബലൂച് ഭീകരർ ആക്രമണം നടത്തിയത്. ഇരുവരും സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. എൻജിനിയർമാർക്കോ മറ്റ് പാകിസ്ഥാൻ പൗരന്മാർക്കോ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ചൈന-–-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി സിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗ്വാദറിൽ നിലവിൽ ധാരാളം ചൈനക്കാർ ജോലി ചെയ്യുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രാദേശിക ജനങ്ങൾക്ക് ഗുണം ചെയ്യുന്നില്ലെന്ന് പറഞ്ഞ് പ്രദേശത്തെ ചൈനീസ് നിക്ഷേപങ്ങൾക്ക് എതിരാണ്. സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് നേരെ നേരത്തെയും ഇവർ ആക്രമണം നടത്തിയിട്ടുണ്ട്.















