പീരുമേട് > കനത്തമഴയിൽ പെരുവന്താനം വളഞ്ഞങ്ങാനത്ത് കാറിന് മുകളിലേക്ക് മൺതിട്ടയും പാറയും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവലേറ്റം ചാത്തനാട്ട് മോഹനന്റെ ഭാര്യ സോമിനി (67) ആണ് മരിച്ചത്. കമ്പംമേട്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ ബിബിൻ ദിവാകരൻ(35), ഭാര്യ കട്ടപ്പന വനിതാ സെല്ലിലെ സിപിഒ അനുഷ്ക(31), മക്കളായ ആദവ് (അഞ്ച്), ലക്ഷ്യ(എട്ടുമാസം), അനുഷ്കയുടെ അമ്മ ഷീല (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ വീട്ടിലെ ജോലിക്കാരിയാണ് മരിച്ച സോമിനി. മക്കൾ: നീതു, അനു, സുനു.
ഞായർ വെെകിട്ട് ആറരയോടെ ബിബിനും കുടുംബവും പാഞ്ചാലിമേട് സന്ദർശിച്ച് മടങ്ങവെ, വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്തെ വളവിൽ ചായകുടിക്കാനായി ഒതുക്കിനിർത്തിയപ്പോഴാണ് കാറിന് മുകളിൽ മണ്ണും കല്ലും ഇടിഞ്ഞുവീണത്. കാറിനുള്ളിൽ അകപ്പെട്ട ഇവരെ നാട്ടുകാരും പീരുമേട് അഗ്നിരക്ഷാസേനയും പൊലീസും വാഹനയാത്രക്കാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ബോധം നഷ്ടപ്പെട്ട സോമിനി ആശുപത്രിയിൽ മരിച്ചു. അപകടത്തെത്തുടർന്ന് കൊട്ടാരക്കര- ദിണ്ഡുഗൽ ദേശീയപാതയിൽ ഒരുമണിക്കൂറോളം ഗതാഗതംമുടങ്ങി.















