മുംബൈ > അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തിൽപ്രത്യേക ഡൂഡിലുമായി ഗൂഗിൾ. 1963ൽ തമിഴ്നാട്ടിൽ ജനിച്ച ശ്രീദേവി കരിയറിലെ നാല് പതിറ്റാണ്ടിനിടെ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ചാണ് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ടിസ്റ്റ് ഭൂമിക മുഖർജിയാണ് മനോഹരമായ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്.
ഡൂഡിൽ കാണാൻ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ സിനിമയുടെ ചരിത്രമെടുത്താൽ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം ആദ്യമായി നേടിയത് ശ്രീദേവിയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി അഭിനയിച്ച ഭാഷകളിലെല്ലാം ആസ്വാദനമനം കവര്‍ന്ന ശ്രീദേവി ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍ 60-ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. 1963 ഓഗസ്റ്റ് 13 ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ തന്നെ ശ്രീദേവി സിനിമയില്‍ മുഖം കാണിച്ചു. മലയാളത്തിലും ബാലതാരമായി തന്നെ എത്തി. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചു.
1976 ൽ പതിമൂന്നാം വയസ്സിൽ, കെ ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനീകാന്തിനുമൊപ്പമാണ് നായികയായുള്ള അരങ്ങേറ്റം. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറൈയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങി ഇരുപതിലേറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ ഉർദു – ഹിന്ദി ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറാണ് ഭർത്താവ്. നടി ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് മക്കൾ. ദുബൈയിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.