കൊച്ചി> ജനകീയ ആസൂത്രണ പദ്ധതി പ്രകാരം തയ്യല്‍ മെഷീനുകള്‍ വാങ്ങിയ ഇടപാടില്‍ സാമ്പത്തിക തിരിമറി നടത്തിയ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടിയൂര്‍ വസന്തകുമാരി, സെക്രട്ടറി ചിറയിന്‍കീഴ് മഞ്ചാടിമൂട് സ്വദേശി എസ്. വിജയന് എന്നിവരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.1998 ലാണ് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍രഹിതരായ വനിതകള്‍ക്ക് വിതരണം ചെയ്യുന്നതിന് 70 തയ്യല്‍ മെഷീനുകള്‍ വാങ്ങിയ ഇടപാടില്‍ 56503 രൂപ തിരിമറി നടന്നത്.
പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമെടുക്കാതെയും പത്രപരസ്യം നല്കി മല്‍സര ടെണ്ടര്‍ ക്ഷണിക്കാതെയും പ്രതികള്‍ ഗൂഢാലോചന നടത്തി 199500 രൂപ തയ്യല്‍ മെഷീനുകള്‍ വാങ്ങുന്നതിന് ട്രഷറിയില്‍ നിന്ന് മാറിയെടുത്ത് മെഷീന് സപ്ലൈ ചെയ്ത സിംഗര്‍ കമ്പനിക്ക് 1,32,997 രൂപ നല്‍കിയശേഷം ബാക്കി തുകയായ 56,503 രൂപ തിരിമറി നടത്തിയതായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി കണ്ടെത്തിയിരുന്നു.
ഔദ്യോഗിക കൃത്യവിലോപത്തിനും കണക്കില്‍ കൃത്രിമം കാണിച്ചതിനും കുറ്റകരമായ ഗൂഢാലോചന നടത്തിയതിനും ഒരു വര്‍ഷം വീതം കഠിന തടവും പതിനായിരം രൂപ വീതം പിഴയും പിഴ ഒടുക്കാത്ത പക്ഷം മൂന്നുമാസം കൂടി കഠിന തടവും വിധിച്ച സ്പെഷ്യല്‍ കോടതി വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് ശിക്ഷ ശരിവച്ചത്.
കേരള പഞ്ചായത്തീരാജ് 182 വകുപ്പ് പ്രകാരം പഞ്ചായത്ത് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കാണെന്നുള്ള പ്രസിഡന്റിന്റെ വാദവും, മറിച്ച് 156 വകുപ്പ് പ്രകാരം ഫണ്ടിന്റെ ഉത്തരവാദിത്വം പ്രസിഡന്റിന് ആണെന്നുമുള്ള സെക്രട്ടറിയുടെ വാദവും കോടതി നിരാകരിച്ചു. പഞ്ചായത്ത് ഫണ്ട് വിനിയോഗം ചെയ്യുന്നതില്‍ പ്രസിഡന്റിനും സെക്രട്ടറിക്കും കൂട്ട് ഉത്തരവാദിത്തം ആണ് ഉള്ളത് എന്ന് കോടതി വിലയിരുത്തി. വിജിലന്‍സിനു വേണ്ടി സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ്,സീനിയര്‍ ഗവ.പ്ലീഡര്‍ എസ്. രേഖ എന്നിവര്‍ ഹാജരായി.