കൊച്ചി> എറണാകുളം, മലപ്പുറം ജില്ലകളിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. കോഴിക്കോട് ഒരു സീറ്റും യുഡിഎഫ് നിലനിർത്തി.
എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് പഞ്ചായത്തുവാർഡുകളിലും യുഡിഎഫ് ജയിച്ചു. വടക്കേക്കര പതിനൊന്നാം വാർഡിൽ നിഖിത ജോബി 228 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. മെമ്പറായിരുന്ന യുഡിഎഫിന്റെ പി ജെ ജോബിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിലെ കെ എസ് സുനിയെയാണ് പരാജയപ്പെടുത്തിയത്.
മൂക്കന്നൂർ പഞ്ചായത്തിലെ നാലാം വാർഡിൽ സിനി മാത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടു, ഭൂരിപക്ഷം, 251. സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച രേഷ്മ വർഗീസ് രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്വതന്ത്ര സിസിമോൾ റിജോയാണ് പരാജയപ്പെട്ടത്.
പള്ളിപ്പുറം വാർഡ് പത്ത് 72 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ദീപ്തി പ്രൈജു ജയിച്ചു. എൽഡിഎഫിലെ രേഷ്മ നിമലിനെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ അജിത ശശാങ്കൻ രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
ഏഴിക്കര പഞ്ചായത്ത് മൂന്നാം വാർഡിൽ 62 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി പി സോമൻ ജയിച്ചു. എൽഡിഎഫിലെ അഡ്വ. എം എസ് നവനീതിനെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിലെ കെ എം അനൂപിന്റെ രാജിയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മലപ്പുറം ജില്ലയിൽ ചുങ്കത്തറ കളക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. കെപി മൈമൂന വിജയിച്ചു. എൽഡിഎഫിലെ റസീന സജീമിനെയാണ് പരാജയപ്പെടുത്തിയത്.
പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (16) വാർഡിൽ യുഡിഎഫിലെ ചക്കച്ചൻ അബ്ദുൾ അസീസ് ജയിച്ചു. ഭൂരിപക്ഷം 6. കഴിഞ്ഞ തവണ 112 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അബ്ദുസമദ് കണക്കാംതൊടിയെയാണ് പരാജയപ്പെടുത്തിയത്.
തുവ്വൂർ പഞ്ചായത്തിലെ അക്കരപ്പുറം പട്ടികജാതി സംവരണം വാർഡിൽ മുസ്ലീം ലീഗിലെ തയ്യിൽ അയ്യപ്പൻ വിജയിച്ചു. സിപിഐ എമ്മിലെ കെ വി സുധിയെയാണ് പരാജയപ്പെടുത്തിയത്.
ചെമ്മാണിയോട് ബ്ലോക് ഡിവിഷൻ 2 വാർഡിൽ യുഡിഎഫിലെ മുസ്ലീംലീഗ് സ്ഥാനാർഥി യു മുൻഷീർ വിജയിച്ചു. അൻവർ പുളിയങ്കാട്ടിലിനെയാണ് തോൽപ്പിച്ചത്. പാലത്തിങ്ങൽ ഉസ്മാന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോഴിക്കോട് ജില്ലയിൽ വേളം പഞ്ചായത്തിലെ പാലോടികുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥി ലീഗിലെ ഇ പി സലിം വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി പി വിജയനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ സീറ്റാണിത്. കോൺഗ്രസ് നേതാവ് വി പി സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.