അവിശ്വസനീയമായ ഡ്രിബ്ലിങ് വൈദഗ്ധ്യവും മികച്ച ഷൂട്ടിങ് പാടവവും വിസ്മയിപ്പിക്കുന്ന പന്തടക്കവുംകൊണ്ട് അയാൾ ചിലിയിൽ രോമാഞ്ചമായി. അനിയന്റെ ചടുലമായ ഓട്ടങ്ങളും മിന്നൽ വേഗത്തിലെ തിരിച്ചിലും കണ്ട പെങ്ങൾ, ‘കുഞ്ഞു കിളി’ എന്ന് ചെറുപ്പത്തിൽ ഓമനിച്ചു വിളിച്ചതായിരുന്നു അയാളെ. ആ വാക്കിന്റെ പോർച്ചുഗൽ ഭാഷയിലെ ബ്രസീലിയൻ രൂപം ഗാരിഞ്ച എന്നായിരുന്നു.
1962, ചിലി:
ആതിഥേയരായ ചിലിയാണ് ലോകകപ്പ് സെമി ഫൈനലിൽ… കറുത്ത ചിലന്തിയെപ്പോലെ പന്തിൽ ഒട്ടിപ്പിടിക്കുന്ന ലോകോത്തര ഗോളി ലെവ് യാഷിനെപ്പോലെ അതിപ്രഗത്ഭ താരങ്ങളടങ്ങിയ സോവിയറ്റ് യൂണിയനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ശക്തരായ ആതിഥേയ ടീം സെമി ഫൈനലിലെത്തുന്നത്. ചിലിയൻ മാധ്യമങ്ങൾ ലോകകപ്പ് ഉറപ്പിച്ച മട്ടായിരുന്നു. രണ്ടു കളികൾക്കപ്പുറം മാത്രമാണ് ലോക കിരീടം, അവർക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. വയസ്സൻമാരുടെ ടീം എന്ന് യുറോപ്യൻ കളിയെഴുത്തുകാർ ഒന്നടങ്കം കളിയാക്കിയ ബ്രസീൽ ആയിരുന്നു എതിരാളികൾ. 58ൽ ലോകകപ്പ് നേടിയ ടീം മിക്കവാറും അതുപോലെ നിലനിർത്തിയതിനാൽ വിമർശനവും കടുത്ത പരിഹാസവും ബ്രസീൽ ഏറ്റുവാങ്ങി. പെലെ രണ്ടാമത്തെ കളിയിൽ തന്നെ പരിക്കേറ്റു പുറത്തുപോയപ്പോൾചെറുപ്പക്കാരില്ലാത്ത ബ്രസീൽ വെറും വൃദ്ധന്മാരുടെ ടീമായി മാറി എന്നവർ കളിയാക്കി.
1962 ൽ ചിലിയിൽ നടന്ന ലോകകപ്പ് ഫൈനലിൽ സഹതാരങ്ങൾക്കൊപ്പം വിജയാഹ്ലാദം പങ്കിടുന്ന ഗാരിഞ്ച
സാന്റിയാഗോവിലെ നാഷണൽ സ്റ്റേഡിയത്തിൽ 1962 ജൂൺ 13 നായിരുന്നു സെമി ഫൈനൽ. ചിലിയുടെ എക്കാലത്തേയും മികച്ച കളിക്കാരായിരുന്ന സാഞ്ചസ്, ടോറോ, എസ്ക്യൂട്ട് എന്നിവരടങ്ങുന്ന വമ്പൻ താരനിരയും കളിക്കാരുടെ പൊട്ടിത്തെറിക്കുന്ന യുവത്വവുമായിരുന്നു ചിലിയുടെ തുറുപ്പ് ചീട്ട്.
ഗ്രൂപ്പ് മത്സരങ്ങളിൽ ശക്തരായ സ്വിറ്റ്സർലൻഡിനേയും മികച്ച പ്രതിരോധ നിരയുമായെത്തിയ ഇറ്റലിയേയും തകർത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ക്വാർട്ടർ ഫൈനലിൽ അവർ സോവിയറ്റ് യൂണിയനെതിരെ മികച്ച കളി പുറത്തെടുത്തതും വിജയം കൈയിലൊതുക്കിയതും.
ഏറ്റവും നിർണായകമായ ഘട്ടങ്ങളിലാണ് മികച്ച കളിക്കാർ അവരുടെ അത്യുജ്ജ്വല ഫോമിലേക്കുയരുക. ബ്രസീലിന്റെ വലതുപാർശ്വത്തിൽ മൈതാനത്തിലെ പല്ലുകളെ പോലും തീ പിടിപ്പിച്ച ഒരു മുടന്തൻ കളിക്കാരൻ അന്ന് ആ സ്റ്റേഡിയത്തിൽ സൂര്യ തേജസ്സായി ഉയർന്നു.
ഒമ്പതാമത്തേയും മുപ്പത്തിരണ്ടാമത്തേയും മിനിറ്റുകളിൽ അവിശ്വസനീയം എന്നു മാത്രം വിശേഷിപ്പിക്കാവുന്ന രണ്ടു ഗോളുകൾ. ഒന്നാമത്തെ ഗോൾ ആ കളിക്കാരന്റെ അനുപമമായ സോക്കർ മാജിക് ചരിത്രത്തിൽ തന്നെ അത്ഭുതകരമായ ഗോളായിരുന്നു.
ബോക്സിനുപുറത്തുവെച്ച് ചിലിയൻ ഡിഫൻസിൽ തട്ടിത്തെറിച്ചുവന്ന പന്ത് ഒരു മിന്നൽ ഇടങ്കാലൻ ഷോട്ടോടെ വലയിലേക്ക് പറപ്പിക്കുന്നു. നീളക്കുറവും ബലഹീനവുമായ ഇടങ്കാൽ ഏറ്റവും നിർണായകമായ ഘട്ടത്തിൽ അയാൾ ഉപയോഗിക്കുകയായിരുന്നു.
രണ്ടാമത്തേത് സഗാലോയുടെ കോർണർ കിക്കിൽ നിന്നുള്ള ഒരു ക്ലിനിക്കൽ ഹെഡ്ഡർ. ഗോളി മിഷായേൽ എസ്ക്യൂട്ടിനെ സ്തബ്ധനാക്കി വലയുടെ മോന്തായത്തിൽ പന്ത് ചെന്ന് തറച്ചു. ചിലി രണ്ടു ഗോളുകൾ തിരിച്ചടിച്ചെങ്കിലും വാവയുടെ രണ്ട് കിടിലൻ ഹെഡ്ഡറുകൾ ആതിഥേയരെ ടൂർണമെന്റിൽനിന്ന് പുറത്താക്കി.
ബ്രസീലിയൻ ആക്രമണ നിരയുടെ കുന്തമുനയായി പെനാൽട്ടി ബോക്സിൽ ട്യൂണപോലെ വളഞ്ഞ് പുളഞ്ഞ് നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടിരുന്ന വലതു വിങ്ങിലെ ചട്ടുകാലനെക്കുറിച്ചായിരുന്നു ചിലിയിലെ ഏറ്റവും പ്രശസ്തമായ എൽ മെർക്കുറിയോ പത്രത്തിന്റെ പിറ്റേ ദിവസത്തെ തലക്കെട്ട് : ഏതു ഗ്രഹത്തിൽ നിന്നാണിയാൾ?
അവിശ്വസനീയമായ ഡ്രിബ്ലിങ് വൈദഗ്ധ്യവും മികച്ച ഷൂട്ടിങ് പാടവവും വിസ്മയിപ്പിക്കുന്ന പന്തടക്കവുംകൊണ്ട് അയാൾ ചിലിയിൽ രോമാഞ്ചമായി.
അനിയന്റെ ചടുലമായ ഓട്ടങ്ങളും മിന്നൽ വേഗത്തിലെ തിരിച്ചിലും കണ്ട പെങ്ങൾ, കുഞ്ഞു കിളി എന്ന് ചെറുപ്പത്തിൽ ഓമനിച്ചു വിളിച്ചതായിരുന്നു അയാളെ. ആ വാക്കിന്റെ പോർച്ചുഗൽ ഭാഷയിലെ ബ്രസീലിയൻ രൂപം ഗാരിഞ്ച എന്നായിരുന്നു.
മാറക്കാനാ സ്റ്റേഡിയത്തിൽ രണ്ടു ലക്ഷത്തിലധികം കാണികളുടെ മുന്നിൽവച്ച് ശാപഗ്രസ്തമായ 1950 ജൂലൈ പതിനാറിന്റെ സന്ധ്യയിൽ ലോകകപ്പ് നേടാൻ റൗണ്ട് റോബിൻ മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്ന ബ്രസീലിയൻ കിരീട സ്വപ്നങ്ങൾക്കുമേൽ കളി തീരാൻ പത്തു മിനിറ്റുമാത്രം ബാക്കിനിൽക്കേ കരിനിഴൽവീണു.
ഗോളി ബാർബോസയെ കാഴ്ചക്കാരനാക്കി ഉറുഗ്വൻ ഫോർവേർഡ് ആൽസിഡഡ് ഗിഗിയ നിറയൊഴിച്ചപ്പോൾ ബ്രസീൽ ഒന്നടങ്കം വാവിട്ടു കരഞ്ഞു പോയി. ബ്രസീലിയൻ ജനതയുടെ ലോകാവസാനമായിരുന്നു അത്. മരണവീടുപോലെ നിശ്ശബ്ദരായ രണ്ടു ലക്ഷം പേർ സ്തബ്ധരായി മിനിറ്റുകളോളം നിന്ന ആ ദുഃസ്വപ്നം എന്നെന്നേക്കുമായി മായ്ച്ചുകളയേണ്ടത് ഒരോ ബ്രസീലുകാരന്റേയും മോഹമായിരുന്നു.
ആ സ്വപ്നം എങ്ങനെയെങ്കിലും സാക്ഷാൽക്കരിക്കാനുള്ള അന്വേഷണത്തിനിടയിലാണ് ബ്രസീലിയൻ ക്ല്ബ് ഫുട്ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ടു പേർ പരിശീലന ക്യാമ്പിലെത്തുന്നത്. ഒരാൾ കൗമാരം പിന്നിടാത്ത മെലിഞ്ഞു കറുത്ത
പയ്യൻ. പന്തിന്മേൽ അസാധാരണ നിയന്ത്രണം. ഗെയിം പ്ലാനിങ്ങിൽ കോച്ചുകളെപ്പോലും വിസ്മയിപ്പിക്കുന്നു. കളിക്കളത്തിനുള്ളിലും പുറത്തും മാന്യതയുടെ ആൾരൂപം.
ഇടതു കാലിന് നീളം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനാവട്ടെ അനുസരണം കമ്മിയായിരുന്നു. പക്ഷേ പന്തുകൊണ്ട് മൈതാനത്ത് ഇന്ദ്രജാലം സൃഷ്ടിക്കുന്നു. ഏതു പ്രതിരോധ നിരയേയും ഒറ്റക്ക് കീഴടക്കുന്ന അമ്പരപ്പിക്കുന്ന പന്തടക്കം… അവർ രണ്ടുപേരും റൈറ്റ് ഔട്ട് പൊസിഷനിലും ലെഫ്റ്റ് ഇന്നിലും കളിക്കുമ്പോൾ വമ്പൻ ഡിഫൻഡർമാർ കാവൽ നിൽക്കുന്ന കോട്ടകൾപോലും മണൽക്കൊട്ടാരംപോലെ തകർന്നുവീഴുന്നത് ബ്രസീലിയൻ കോച്ച് വിസന്റി ഫിയോള ശ്രദ്ധിച്ചു.
ദീദിയും വാവയും കൂടി ചേരുമ്പോൾ അസാധ്യമായ ഒരു ആക്രമണ നിര രൂപംകൊള്ളും എന്നായിരുന്നു അയാളുടെ കൃത്യമായ കണക്കുകൂട്ടൽ. ചട്ടുകാലന്റെ പേര് മാനുവൽ ഫ്രാൻസിസ്കോ ദോസ് സാന്റോസ്.
കുഞ്ഞു പെങ്ങൾ റോസ നൽകിയ ഓമനപ്പേരിലാണ് അയാൾ ക്യാമ്പിൽ പരക്കെ അറിയപ്പെട്ടത് ‐ ഗാരിഞ്ച. മെലിഞ്ഞു കറുത്ത പയ്യന്റെ പേര് എഡ്സൺ ആരന്റെസ് ദോ നാസിമെന്റോ. അയാൾക്കുമുണ്ടായിരുന്നു ഒരു ഓമനപ്പേര് ‐ പെലെ.
കുഞ്ഞു പെങ്ങൾ റോസ നൽകിയ ഓമനപ്പേരിലാണ് അയാൾ ക്യാമ്പിൽ പരക്കെ അറിയപ്പെട്ടത് ‐ ഗാരിഞ്ച. മെലിഞ്ഞു കറുത്ത പയ്യന്റെ പേര് എഡ്സൺ ആരന്റെസ് ദോ നാസിമെന്റോ. അയാൾക്കുമുണ്ടായിരുന്നു ഒരു ഓമനപ്പേര് ‐ പെലെ.
ആദ്യത്തെ രണ്ടു കളികളിലും ഫിയോള അവരെ ഇറക്കിയില്ല. പക്ഷേ 1956ലെ ഒളിമ്പിക് ചാമ്പ്യന്മാരായ, എക്കാലത്തേയും മികച്ച ഗോൾകീപ്പർമാരിലൊരാളായ ലെവ് യാഷിൻ കാവൽ നിൽക്കുന്ന റഷ്യയോട് കളിക്കുമ്പോൾ പുതിയ സമീപനവും തന്ത്രങ്ങളും ആവശ്യമാണെന്ന് ഫിയോളക്ക് അറിയാമായിരുന്നു. 1958 ജൂലൈ പതിനാറിന് റഷ്യക്കെതിരെ കളിക്കാൻ അങ്ങനെയാണവർ, ഗാരിഞ്ചയും പെലെയും, ഇറങ്ങുന്നത്.
ലോക പ്രശസ്തരായ കളിയെഴുത്തുകാർ ഫുട്ബോൾ ചരിത്രത്തിലെ ഏററവും ഉജ്ജ്വലമായ മൂന്നു മിനിറ്റുകൾ എന്ന് ആധികാരികമായി വിധിയെഴുതിയ സോക്കർ വിസ്മയത്തിനാണ് പിന്നീട് ലോകം ശ്വാസമടക്കിപ്പിടിച്ച് സാക്ഷികളായത്.
ഗോഥൻ ബർഗിലെ ആ സായന്തനത്തിൽ കരുത്തരായ സോവിയറ്റ് പ്രതിരോധ നിര കാസ്പിയൻ കടൽക്കാറ്റിൽ പഴയ കാറ്റുപായപോലെ വിറച്ചു. നാല്പതാം സെക്കൻഡിൽ വലതു വിങ്ങിലെ പ്രതിരോധ ഭടനെ അമ്പരപ്പിക്കുന്ന ബോഡി ഡോഡ്ജിങ്ങും പൊട്ടിത്തെറിക്കുന്ന വേഗവും സമന്വയിപ്പിച്ച് മറികടന്ന ഗാരിഞ്ച തൊടുത്ത കനത്ത ഷോട്ട് ഗോൾ പോസ്റ്റിനെ നടുക്കി തട്ടിത്തെറിച്ചു.
ഗോഥൻ ബർഗിലെ ആ സായന്തനത്തിൽ കരുത്തരായ സോവിയറ്റ് പ്രതിരോധ നിര കാസ്പിയൻ കടൽക്കാറ്റിൽ പഴയ കാറ്റുപായപോലെ വിറച്ചു. നാല്പതാം സെക്കൻഡിൽ വലതു വിങ്ങിലെ പ്രതിരോധ ഭടനെ അമ്പരപ്പിക്കുന്ന ബോഡി ഡോഡ്ജിങ്ങും പൊട്ടിത്തെറിക്കുന്ന വേഗവും സമന്വയിപ്പിച്ച് മറികടന്ന ഗാരിഞ്ച തൊടുത്ത കനത്ത ഷോട്ട് ഗോൾ പോസ്റ്റിനെ നടുക്കി തട്ടിത്തെറിച്ചു.
ലെവ് യാഷിൻ
അറുപതാം സെക്കൻഡിൽ വീണ്ടും തന്റെ പുകഴ് പെറ്റ മാർക്കറെ നിസ്സാരമായി മറികടന്ന ഗാരിഞ്ച നൽകിയ പാസ്സ് പിടിച്ചെടുത്ത് പെലെ ഗോൾ പോസ്റ്റിലേക്ക് നിറയൊഴിക്കുന്നു. ഒരിക്കൽ കൂടി പന്ത് പോസ്റ്റിലിടിച്ച് തെറിക്കുന്നു. നൂറ്റി എൺപതാം സെക്കൻഡിൽ ദീദിയുടെ കൗശലവും സൗന്ദര്യവും ഒന്നിനൊന്നുമികച്ചു നിന്ന ഡിഫൻസിനെ നെടുകെ പിളർന്ന ഒരു പാസ്സിൽ നിന്ന് വാവ ഗോളടിച്ചു കൊണ്ടാണ് ആ മൂന്നുമിനിറ്റുകൾ അവസാനിക്കുന്നത്.
അത്രയും നേരം ഐതിഹാസിക ഗോൾ കീപ്പർ ലെവ് യാഷിൻ കാവൽ നിന്ന സോവിയറ്റ് ഗോൾ മുഖം ഗാരിഞ്ചയുടെ നേതൃത്വത്തിൽ ഇരമ്പിയാർക്കുന്ന ബ്രസീലിയൻ ഫോർവേഡുകളുടെ തേരോട്ടത്തിൽ വിറകൊണ്ടു. എഴുപത്തി എഴാം മിനിറ്റിൽ വാവയുടെ മറ്റൊരു ഉഗ്രൻ ഗോൾ… രണ്ടു ഗോളിൽ ബ്രസീൽ ജയിച്ചതിനുശേഷം ഞെട്ടൽ മാറാതെ റഷ്യൻ കോച്ച് ഗാവ്റിൻ കചാലിൻ പറഞ്ഞു: Garrincha is truly frightening. I have never seen anyone like him in field.
ക്വാർട്ടർ ഫൈനലിൽ വെയിൽസിനേയും സെമിയിൽ ഫ്രാൻസിനേയും തകർത്ത് ബ്രസീൽ ഫൈനലിലെത്തുന്നു. സ്റ്റോക്ക്ഹോമിലെ പുതു മഴ വീണു നനഞ്ഞ റാസുൻഡ സ്റ്റേഡിയത്തിലായിരുന്നു കളി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരിഞ്ചുപോലും വഴങ്ങാത്ത സ്വീഡനായിരുന്നു എതിരാളി. നാലാം മിനിറ്റിൽ തന്നെ ബ്രസീലിയൻ ഗോളി ഗിൽമറെ മറികടന്ന് സ്വീഡിഷ് ഫോർവേഡ് ലീഡ് ഹോം സ്വീഡനെ മുന്നിലെത്തിച്ചു.1‐0 പിന്നീടാണ് വലതു വിങ്ങിൽ ഗാരിഞ്ചയുടെ കാലുകൾ പുൽമൈതാനത്തിന് തീ പിടിപ്പിക്കുന്നത്. കുമ്മായവരക്ക് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ മിന്നൽപോലെ പാഞ്ഞുകയറി അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞ് ഗാരിഞ്ച സ്വീഡിഷ് പ്രതിരോധത്തെ ഛിന്നഭിന്നമാക്കി.
അയാളെ മാർക്ക് ചെയ്യാൻ രണ്ടു ഡിഫൻഡർ കിണഞ്ഞു ശ്രമിച്ചിട്ടും ഗാരിഞ്ചയെ അവർക്ക് പിടിച്ചുകെട്ടാനായില്ല. ഗാരിഞ്ചയുടെ മുടന്തൻ കാലുകൾ ലോകത്തിന് ഡ്രിബ്ളിങ്ങിന്റെ വിസ്മയകരമായ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു അപ്പോൾ. അത്തരമൊരു ഉജ്ജ്വലനീക്കത്തിനൊടുവിൽ സ്വീഡിഷ് കാവൽ ഭടനെ തെറ്റായ ദിശയിലേക്ക് പറഞ്ഞ് വിട്ട് വലതു വിങ്ങിൽ നിന്ന് ഗാരിഞ്ചയുടെ അധികമുയരാത്ത ഒരു ക്ലിനിക്കൽ ക്രോസ് പെനാൽട്ടി ബോക്സിലേക്കെത്തുന്നു. ഒമ്പതാം മിനിറ്റ്. വാവ കൃത്യമായി കണക്റ്റ് ചെയ്യുന്നു. ഗോൾ…
മരിയൊ സാഗല്ലോ
മരിയാ സഗാലോ ‐ പെലെ ദ്വയങ്ങളുടെ വലതുപാർശ്വത്തിലൂടെയുള്ള ആക്രമണങ്ങളേക്കാൾ വാവ ഗാരിഞ്ച ടീമിന്റെ ഇടതു ഭാഗത്തിലൂടെയുള്ള ആക്രമണ ങ്ങൾക്കായിരുന്നു മൂർച്ച കൂടുതൽ. കൃത്യം മുപ്പത്തിരണ്ടാം മിനിറ്റിൽ ഒരിക്കൽ കൂടി ഗാരിഞ്ച തന്റെ മാന്ത്രികമായ പന്തടക്കം പുറത്തെടുത്തു. വലതുവശത്തെ പ്രതിരോധ കോട്ട പിളർത്തി കൃത്യമായി ബോക്സിന്റെ മധ്യത്തിലേക്ക് തളികയിലെന്നപോലെ ഉയർ ത്തിക്കൊടുത്ത പന്ത് വാവ അനായാസം ഒരിക്കൽ കൂടി ഗോൾ പോസ്റ്റിലേക്ക് ചെത്തിയിട്ടു.2‐1 ആദ്യ പകുതിയിൽ തന്നെ മാനസികമായി ബ്രസീൽ ജയിച്ചു കഴിഞ്ഞിരുന്നു.
കളിക്കളത്തിൽ ഇല്ലാത്ത സ്പേസ് സൃഷ്ടിക്കുകയും മികച്ച ഡിഫൻഡർമാരെ വെറും കാഴ്ചക്കാരാക്കി മാറ്റുകയും ഗോൾ എന്ന് എഴുതി ഒട്ടിച്ച ക്രോസുകൾ നിരന്തരം വലതു വിങ്ങിൽ നിന്ന് ബോക്സിലേക്ക് പ്രക്ഷേപിക്കുകയും ചെയ്ത ഗാരിഞ്ചയായിരുന്നു അവരെ മനഃശാസ്ത്ര യുദ്ധത്തിൽ തകർത്തു കളഞ്ഞത്. രണ്ടാം പകുതിയിൽ പെലെയുടെ രണ്ടു ഗോളുകളും (അതിലാദ്യത്തേത് അത്ഭുതകരമായ ബോൾ കൺട്രോളിന്റേയും ഗ്രൗണ്ട് പൊസിഷനിങ്ങിന്റെയും ഇതിഹാസമായിരുന്നു) സഗാലോയുടെ ഗോളും വന്നതോടെ സ്വീഡന്റെ സീമൻസിന്റെ 80ാം മിനിറ്റിലെ ഗോൾ, സ്കോർ നില 5 ‐ 2 എന്ന് ആക്കാൻ മാത്രമേ സഹായിച്ചുള്ളൂ. വിക്ടോറിയാ ബ്രസീലിയാ… ഒടുവിൽ ബ്രസീൽ ലോക ചാമ്പ്യന്മാർ…
1958ലെ ലോകകപ്പ് വിജയത്തോടെ ഗാരിഞ്ചയും പെലെയും ബ്രസീലിലെ എറ്റവും തിരക്കുപിടിച്ച സെലിബ്രിറ്റികളായി… ഗാരിഞ്ചയാവട്ടെ ജീവിതം വന്യമായി ആഘോഷിക്കാൻ തുടങ്ങി.
1958ലെ ലോകകപ്പ് വിജയത്തോടെ ഗാരിഞ്ചയും പെലെയും ബ്രസീലിലെ എറ്റവും തിരക്കുപിടിച്ച സെലിബ്രിറ്റികളായി… ഗാരിഞ്ചയാവട്ടെ ജീവിതം വന്യമായി ആഘോഷിക്കാൻ തുടങ്ങി. വളരെ ചെറുപ്പത്തിൽ തന്നെ ഗാരിഞ്ചയെ ആവേശിച്ച മനുഷ്യന്റെ ഏറ്റവും പ്രാചീനമായ ബലഹീനതകൾ, മദ്യപാനവും അതിരുവിട്ട ലൈംഗികതയും, എല്ലാ നിയന്ത്രണ രേഖകളും തകർത്തു. 1962 ലെ ലോകകപ്പ് ഫുട്ബോൾ പരിശീലന ക്യാമ്പിൽ നിന്ന് ബ്രസീലിയൻ ഫുട്ബോൾ മേധാവികൾക്ക് ഗാരിഞ്ചയെ ഒഴിവാക്കേണ്ടി വരിക കൂടിയുണ്ടായി… പക്ഷേ ചിലി ലോകകപ്പ് തൊടാവുന്ന ദൂരത്തെത്തിയപ്പോഴേക്കും ബ്രസീലിയൻ ജനതയും ഫുട്ബോൾ അധികൃതരും എങ്ങനെയൊക്കെയോ ഗാരിഞ്ചയെ കളിക്കളത്തിന്റെ ചട്ടക്കൂടുകളിലേക്ക് തിരികെ എത്തിക്കുന്നതിൽ വിജയിച്ചു.
അപൂർവ നേട്ടമായ ഇരട്ട ലോകകപ്പ് വിജയത്തിന് ഒറ്റക്കെട്ടായി ബ്രസീൽ പിടഞ്ഞെണീറ്റു. ഗാരിഞ്ചക്ക് ഒരിക്കലും ആ ഉണർവിന്റെ ഗാഥകളിൽ നിന്ന് മാറി നിൽക്കാനാവുമായിരുന്നില്ല താനും…
1962ലെ ലോകകപ്പിൽ മെക്സിക്കോക്കെതിരെ രണ്ടു ഗോൾ വിജയവും ചെക്കോ സ്ലാവാക്യക്കെതിരെ സമനിലയും കടന്ന് സ്പെയിനിന്റെ വെല്ലുവിളി, ബ്രസീൽ 2 ‐1 ന് അവസാനിപ്പിക്കുന്നത് മുന്നേറ്റ നിരയിൽ പെലെയുടെ അഭാവത്തിൽ യൂൾറിമേ കപ്പിൽ ഒരിക്കൽ കൂടി സ്പർശിക്കണമെങ്കിൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തം ഗാരിഞ്ച ഏറ്റെടുത്തേ മതിയാവൂ എന്ന തിരിച്ചറിവിലായിരുന്നു.
ഗ്രൂപ്പ് സ്റ്റേജിൽ, രണ്ടാമത്തെ കളിയിൽ തന്നെ ചെക്കോസ്ളാവിയക്കെതിരെ കളിക്കുമ്പോൾ മറ്റുള്ള കളികളിലൊന്നിൽപ്പോലും പങ്കെടുക്കാനാവില്ല എന്ന നിലയിൽ ഗുരുതരമായി പരിക്കേറ്റ് പെലെ പുറത്തുപോയത് ബ്രസീലിയൻ ടീമിൽ വലിയ സന്ദിഗ്ധാവസ്ഥ സൃഷ്ടിച്ചു. ആ സ്ഥിതിവിശേഷം മറികടക്കാൻ ഗാരിഞ്ചയുടെ ഫുട്ബോൾ ജീനിയസ്സിനുമാത്രമേ കഴിയൂ എന്ന് ബ്രസീൽ മാനേജർമാർക്ക് അറിയാമായിരുന്നു… ഡിഫൻസിനെ മുഴുവൻ തന്നിലേക്കാകർഷിച്ച് വലതു വിങ്ങിൽനിന്ന് പെനാൽട്ടി ബോക്സിന്റെ ടാക്റ്റിക്കൽ കോണുകളിലേക്ക് മില്ലിമീറ്ററിന്റെ കൃത്യതയോടെ പുറപ്പെടുന്ന ഗാരിഞ്ചയുടെ പാസ്സുകളാവും ബ്രസീലിന്റെ വിജയങ്ങളിൽ നിർണായകമാവുക എന്നവർ ഉറപ്പിച്ചിരുന്നു. കളി ഒരിക്കലും കാര്യമായി കാണാത്ത ഗാരിഞ്ചയെ അത് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു അവർ. സ്പെയിനുമായുള്ള കളി മുതൽ ഗാരിഞ്ച ആ ആശയത്തിന്റെ സാക്ഷാൽക്കാരത്തിനായി സ്വയം സമർപ്പിച്ചത് അവർക്ക് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം നൽകി.
നിർണായകമായ, ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടായിരുന്നു ബ്രസീലിന്റെ എതിരാളികൾ. ‘വിനാ ഡെൽ മാറി’ൽ ഗാരിഞ്ചയെ മെരുക്കാനുള്ള ഫീൽഡ് സ്ട്രാറ്റജികളാണ് ക്യാപ്റ്റൻ ഹെയിൻസ് രണ്ടു ദിവസം മുഴുവൻ കോച്ചിനോടൊപ്പമിരുന്ന് തല പുകച്ച് ആസൂത്രണം ചെയ്തത്. He is a real threat , ക്വാർട്ടർ ഫൈനലിനു മുമ്പു നടന്ന ഒരു അഭി മുഖത്തിൽ അയാൾക്ക് വെളിപെടുത്താതിരിക്കാനായില്ല.
ഹെയിൻസിന്റെ ദു:സ്വപ്നം കളിക്കളത്തിൽ തീപോലെ പടരുന്നതാണ് ഫുട്ബോൾ ലോകം പിന്നീട് കണ്ടത്. ഗാരിഞ്ചയുടെ പ്രതിഭയുടെ സൂര്യ തേജസ്സിൽ ഇംഗ്ലണ്ട് വെന്തുവെണ്ണീറായി.. കേളികേട്ട ഇംഗ്ലണ്ട് പ്രതിരോധം ഗാരിഞ്ച ബാധയേറ്റ പോലെ ഒറ്റക്ക് പിച്ചിചീന്തി. രണ്ടോ മൂന്നോ ഡിഫൻഡർമാർ ഇടം വലം തിരിയാതെ ഗാരിഞ്ചയെ മാർക്ക് ചെയ്തെങ്കിലും ഡ്രിബ്ളിങ്ങിന്റെ വലകൾ നെയ്ത എക്കാലത്തെയും മഹത്തായ ആ മാന്ത്രിക കാലുകൾ അവർ വരക്കാൻ ശ്രമിച്ച ലക്ഷ്മണ രേഖകൾ മുഴവൻ അപ്രസക്തമാക്കി.
ഗാരിഞ്ചയുടെ മുന്നേറ്റം
മുപ്പത്തി ഒന്നാം മിനുട്ടിൽ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് കഷ്ടിച്ച് അഞ്ചരയടി ഉയരം മാത്രമുണ്ടായിരുന്ന ഗാരിഞ്ച ഗോലിയാത്തുകളായ ഇംഗ്ലണ്ട് പ്രതിരോധ നിരയെ മറികടന്ന് ഹെഡ് ചെയ്യുന്നു. ചാട്ടുളി പോലെ പന്ത് വലയിൽ. സ്റ്റേഡിയം പൊട്ടിത്തെറിച്ചു. ബ്രസീൽ ഒരു ഗോളിനു മുന്നിൽ. തള്ളിക്കളിച്ച ഇംഗ്ലണ്ട്ഏഴു മിനുട്ടിനകം സമനില പിടിച്ചു.. ജെറി ഹിച്ചിൻ സായിരുന്നു സ്കോറർ . ഹാഫ് ടൈമിനു പിരിയുമ്പോൾ വരാനിരിക്കുന്ന പീഡാനുഭവങ്ങളെക്കറിച്ച് പക്ഷേ,ഇംഗ്ലണ്ട് ഒട്ടും അറിഞ്ഞിരുന്നതേയില്ല.
അൻപത്തിയെട്ടാം മിനുട്ട്.. ബ്രസീലിന് ബോക്സിനും മദ്ധ്യരേഖക്കുമിടയിൽ ഒരു ഡയരക്ട് ഫ്രീകിക്ക് ലഭിക്കുന്നു.. അവരുടെ ഏറ്റവും മികച്ച സെറ്റ് പീസ് സ്പെഷ്യലിസ്റ്റ് ദീദിയാണ് കിക്കെടുക്കാൻ തുനിയുന്നത്. പന്ത് കൃത്യമായി അടിക്കാൻ പാകത്തിൽ ഗ്രൗണ്ടിൽ വെച്ച് ദീദി തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ഭൂതാവിഷ്ടനെ പോലെ കുതിച്ചു വരുന്ന ഗാരിഞ്ചയെയാണ്.
ഒരു വെടിയുണ്ട, അത്രമാത്രം, ഗാരിഞ്ചയുടെ വലതു കാൽ പാദവും ക്രോസ് ബാറും തമ്മിലുളള ദൂരം മില്ലി സെക്കന്റിൽ അളന്നു തീർത്ത് ആ കനത്ത ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. 1 വാവക്ക് പന്ത് പോസ്റ്റിലേക്ക് പന്ത് ഒന്ന് തട്ടിയിടുക മാത്രമേ വേണ്ടി വന്നുള്ളൂ. ഗോൾ 2‐1 . ആറു മിനുട്ട് കഴിഞ്ഞില്ല , പെനാൽട്ടി ബോക്സിനു മൂന്നു നാലു മീറ്റർ പുറത്തു വെച്ചു കിട്ടിയ പന്ത് വലങ്കാൽ കൊണ്ട് ഗാരിഞ്ച ഇംഗ്ലണ്ട് പോസ്റ്റിലേക്ക് തൊടുക്കുന്നു. ഗോളിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. പന്ത് വലയുടെ ഇടത്തേ മൂലയിൽ മുകൾഭാഗത്ത് ഉൽക്ക പോലെ വന്നു തറച്ചു.. ബ്രസീൽ 3, ഇംഗ്ലണ്ട് 1. ബ്രസീൽ തുടർച്ചയായി ഒരിക്കൽ കൂടി സെമി ഫൈനലിൽ…
അയാൾ വന്നത് മറ്റേതോ സോക്കർ ഗ്രഹത്തിൽ നിന്നാണെന്ന് ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും ചിലിയൻ മാദ്ധ്യമങ്ങളും ഫുട്ബോൾ വിദഗ്ദരും പിന്നീടെത്രയോ കാലം ഞെട്ടലോ ടെ മാത്രം ഓർത്ത ഗാരിഞ്ചയുടെ വിശ്വരൂപം കണ്ട ആ സെമി ഫൈനൽ കടന്ന് അവസാന കടമ്പയിലേക്കെത്തിയ ബ്രസീലിന്റെ എതിരാളികൾ ചെക്കോസ്ലൊവാക്യയായിരുന്നു.. ഗ്രൂപ്പ് സ്റ്റേജിൽ ഗാരിഞ്ച നയിച്ച പുകഴ്പെറ്റ ആക്രമണ നിരയെ വരച്ചവരയിൽ നിർത്തി സമനില നേടിയ കരുത്തുറ്റ പ്രതിരോധ നിരയായിരുന്നു ചെക്ക് ടീമിന്റേത്.
1962 ജൂൺ പതിനേഴിനായിരുന്നു ഫൈനൽ.. ഉച്ചക്കു ശേഷം രണ്ടരക്കായിരുന്നു കിക്ക് ഓഫ് .. ചെക്ക് കോച്ച് റുഡോൾഫ് വിറ്റ് ലാസിൽ ഏറ്റവും മികച്ച രണ്ടു ഡിഫൻഡർമാരെയാണ് ഗാഢമായ ആസൂത്രണങ്ങൾക്കൊടുവിൽ ഗാരിഞ്ചയെ മാർക്ക് ചെയ്യാൻ ചുമതലപ്പെടുത്തിയത്.
ഗാരിഞ്ചക്ക് പക്ഷേ, പനിയായിരുന്നു. പതിനഞ്ചാം തിയ്യതി രാവിലെ മുതൽ കടുത്ത ജ്വരബാധിതനായ ഗാരിഞ്ച കിടപ്പിലായി.പിറ്റേ ദിവസം രാത്രി വരെ ഗാരിഞ്ചക്ക് കളിക്കാൻ കഴിയുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. പതിനേഴാം തിയ്യതി രാവിലെ പനി കുറഞ്ഞു. ഗാരിഞ്ച കളിക്കളത്തിലിറങ്ങാനുള്ള ആരോഗ്യം വീണ്ടെടുത്തോ എന്ന സംശയം ടീം ഡോക്ടർക്കുണ്ടായിരുന്നു.
ഗാരിഞ്ച
പക്ഷേ സാന്റിയാഗോവിലെ സ്റ്റേഡിയത്തിലെ അന്തിമ പോരാട്ടത്തിൽ ബ്രസീലിന്റെ ആക്രമണം നയിക്കാൻ മറ്റാരേയും ബ്രസീൽ ഫുട്ബാൾ മേലാളർക്ക് സങ്കല്പിക്കാനായില്ല.. അങ്ങിനെയാണ് , എഴുപതിനായിരം കാണികൾ അലറി വിളിക്കുന്ന നാഷണൽ സ്റ്റേഡിയത്തിൽ കോച്ച് മൊറീറ അവസാന നിമിഷം ഗാരിഞ്ച യോട് കളിക്കാൻ ആവശ്യപ്പെടുന്നത്.
ചെക്ക് ഡിഫൻഡർ മസോപുസ്ത് ആണ് പതിനഞ്ചാം മിനുട്ടിൽ സ്കോറിങ് തുടങ്ങി വെച്ചത്. പതിനേഴാം മിനിറ്റിൽ അമരിൽ ദോയും അറുപത്തിയെട്ടാം മിനിറ്റിൽ സിൽട്ടോയും, ഫൈനൽ വിസിലിന് പതിമൂന്നു മിനിറ്റ് മുമ്പേ വാവയും ചെക്ക് ഗോൾപോസ്റ്റിലേക്ക് നിറയൊഴിച്ചു. 3 ‐ 1. ബ്രസീൽ ജയിച്ചു കഴിഞ്ഞിരുന്നു…യൂൾറിമേ കപ്പ് വീണ്ടും ബ്രസീലിലേക്ക്…
ചെക്ക് ഡിഫൻസ് സ്ട്രാറ്റജിയിൽ വന്ന വലിയ പിഴവായിരുന്നു അവരുടെ തോൽവിയിലേക്ക് നയിച്ചത്. ഗാരിഞ്ച പന്ത് തൊടുമ്പോഴൊക്കെ നൊവാക്കും മസോ പുസ്തും ക്ലോസ് ഡൗൺ ചെയ്ത് കളിക്കാൻ തുടങ്ങിയതോടെ വാവയും സിൽട്ടോയും സ്വതന്ത്രരായി. പെനാൽട്ടി ബോക്സിൽ അവർ നിരന്തരം ഭീഷണി ഉയർത്തിയതോടെ ചെക്ക് ഡിഫൻസ് ആടിയുലയാൻ തുടങ്ങി. പ്രതിരോധ നിരയെ മുഴുവൻ തന്നിലേക്കാകർഷിച്ച ഗാരിഞ്ച അമാരിൽ ദോക്കും സിൽട്ടോക്കും വാവക്കും പെനാൽട്ടി ബോക്സിൽ യഥേഷ്ടം മേഞ്ഞു നടക്കാനുള്ള സുവർണാവസരങ്ങളാണ് സൃഷ്ടിച്ചു നൽകിയത്.
ഗാരിഞ്ചയെ ഫുട്ബോൾ ലോകവും മാധ്യമങ്ങളും അഭിനന്ദനങ്ങൾകൊണ്ട് മൂടി. ഗോൾഡൻ ബൂട്ട് അവാർഡ്, മികച്ച കളിക്കാരൻ, ഏറ്റവും മികച്ച ഗോളടിവിദഗ്ധൻ എന്നീ അവാർഡുകളാണ് ഗാരിഞ്ചയെ തേടിയെത്തിയത്. ലോകകപ്പ് പോലെയുള്ള ഒരു വമ്പൻ വേദിയിൽ തികച്ചും ഒരു സാധാരണ ടീമിനെ ഒറ്റക്ക് ചുമലിലെടുത്ത് കിരീടത്തിനർഹമാക്കുക എന്ന നേട്ടം ഒട്ടും നിസ്സാരമായിരുന്നില്ല. 1986ൽ മാറഡോണ ഇംഗ്ലണ്ടിനും ബെൽജിയത്തിനുമെതിരെ കാഴ്ചവെച്ച കളിയേക്കാൾ വ്യക്തിഗത മികവു കൊണ്ട് ഗാരിഞ്ചയുടെ 62ലെ ക്വാർട്ടർ സെമി കളികൾ മുന്നിലാണെന്ന് പ്രശസ്ത ഫുട്ബോൾ പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട് , മുനവെച്ച ഒരു കമന്റിന്റെ അകമ്പടിയോടെ : ഗാരിഞ്ച കാലുകൾ കൊണ്ട് മാത്രമാണ് ഗോളടിച്ചിരുന്നത്!
ആ കളിക്കാരനെ പേടിച്ചതു പോലെ 1962ലെ ലോകകപ്പിൽ മറ്റാരേയും എതിരാളികൾ ഭയന്നിരുന്നില്ല. കാരണം അപ്രവചനീയതയായിരുന്നു ജീവിതത്തിലെന്ന പോലെ കളിയിലും ഗാരിഞ്ചയുടെ മുഖമുദ്ര. പന്തു തൊട്ടപ്പോഴൊക്ക എതിരാളികളെ വിറപ്പിച്ച അയാൾ മദ്യത്തിനും സ്ത്രീകൾക്കും സ്വന്തം ആത്മാവുതന്നെ ബലി നൽകി ജീവിതം ഒരു ദുരന്ത വിസ്മയമാക്കിത്തീർത്തു.
ലോകകപ്പിനു ശേഷം ഗാരിഞ്ചയുടെ സ്വകാര്യ ജീവിതം തകിടം മറിഞ്ഞു. കടുത്ത മദ്യപാനവും കുത്തഴിഞ്ഞ ജീവിതവും പീഡനവും സഹിക്കാനാവാതെ 1965ൽ ആദ്യ ഭാര്യ നയാർ മാർക്വിസ് വിവാഹ മോചനം തേടി.. 1969ൽ അദ്ദേഹം മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വലിയ അപകടത്തിൽ പെടുകയും ഭാര്യാമാതാവ് മരണമടയുകയും ചെയ്തു. ചിലിയൻ യുവതലമുറയുടെ രോമാഞ്ചമായിരുന്ന സാംബാ ഗായിക എൽസാ സോറസിനെ
സാംബാ ഗായിക എൽസാ സോറസും ഗാരിഞ്ചയും
1968ൽ ഒരു അനൗദ്യോഗിക ചടങ്ങിൽ ഭാര്യയായി സ്വീകരിച്ചെങ്കിലും ആദ്യത്തെ കുറച്ച് മാസങ്ങൾക്കുശേഷം അവരുടെ ജീവിതം ഒട്ടും ആഹ്ളാദകരമായിരുന്നില്ല.
പെലെയും ഗാരിഞ്ചയുമൊക്കെ 1966ലെ ബ്രസീൽ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തപ്പെട്ടെങ്കിലും ഒരു ടീമെന്ന നിലയിൽ തകർന്നു കഴിഞ്ഞിരുന്ന ബ്രസീൽ രണ്ടാമത്തെ കളിയിൽ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായി.
നിരന്തരം മദ്യത്തിനും സ്ത്രീകൾക്കും പിറകെ ഭ്രാന്തുപിടിച്ചോടിയ ഗാരിഞ്ചയുടെ ആരോഗ്യവും തകർന്നു കഴിഞ്ഞിരുന്നു. കളി മൈതാനങ്ങളിൽ പന്തു മെരുക്കുന്നതിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം കൊണ്ട്, ആദ്യമായി കാള പ്പോരിന്റെ ആവേശമുണർ ത്തുന്ന ഓയേ ഓയേ വിളികൾ ഫുട്ബോൾ മത്സരങ്ങളിലേക്ക് പറിച്ചുനട്ട ആ മാന്ത്രിക ബൂട്ടുകൾ 1972ൽ ഗാരിഞ്ച എന്നെന്നേക്കുമായി അഴിച്ചുവെച്ചു.
മുപ്പത്തി ഒമ്പതാം വയസ്സിലായിരുന്നു അത്. വർഷങ്ങൾക്കുശേഷം 1990ൽ റോജർ മില്ല എന്ന കാമറൂൺ ഫോർവേഡ് മുപ്പത്തിയൊമ്പത് വയസ്സിലാണ് ലോകകപ്പിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കളി കാഴ്ചവെച്ചത് എന്നോർക്കുമ്പോൾ ആ ദുരന്ത ചിത്രം പൂർത്തിയാവും.
പിന്നീട് കഷ്ടിച്ച് ഒമ്പത് വർഷങ്ങൾ മാത്രമാണ് ലോകം കണ്ട ഏറ്റവും മികച്ച ആ ഡ്രിബ്ളർ ജീവിച്ചിരുന്നത്.
ആ വർഷങ്ങളത്രയും മദ്യവും സ്ത്രീകളും അയാളെ കുടിച്ചു തീർത്തു.
1983 ജൂലൈ പത്തൊമ്പതാം തീയതി നിയന്ത്രണമില്ലാതെ മദ്യപിച്ച് ആൽക്കഹോളിക് കോമയിലേക്ക് പോയ അയാൾ തിരിച്ചറിയപ്പെടാത്ത ഒരു രോഗിയായിട്ടാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. അജ്ഞാതനായ ഒരു മദ്യപനായി ബോധാബോധത്തിന്റെ നൂൽപ്പാലത്തിൽ, തിരസ്കൃതനായി ആ സൈക്യാട്രി വാർഡിൽ അയാൾ അനാഥനായി കിടന്നു.
1983 ജൂലൈ പത്തൊമ്പതാം തീയതി നിയന്ത്രണമില്ലാതെ മദ്യപിച്ച് ആൽക്കഹോളിക് കോമയിലേക്ക് പോയ അയാൾ തിരിച്ചറിയപ്പെടാത്ത ഒരു രോഗിയായിട്ടാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്. അജ്ഞാതനായ ഒരു മദ്യപനായി ബോധാബോധത്തിന്റെ നൂൽപ്പാലത്തിൽ, തിരസ്കൃതനായി ആ സൈക്യാട്രി വാർഡിൽ അയാൾ അനാഥനായി കിടന്നു. ലോകം മുഴുവൻ കൊണ്ടാടിയ ആ മനുഷ്യൻ ഒരു പ്രത്യേക പരിഗണനയും ലഭിക്കാതെ ഒരു ദിവസം മുഴുവൻ ആ വാർഡിലെ ദുരന്ത കാഴ്ചയായിരുന്നു. ഇരുപതാം തീയതി രാവിലെ ആറു മണിക്ക് അയാൾ മരിച്ചു..
മരണത്തിനു ശേഷമാവട്ടെ ബ്രസീൽ അന്നുവരെ കാണാത്ത കാഴ്ചകളാണ് അരങ്ങേറിയത്. പതിനായിരങ്ങൾ ഇടതിങ്ങിയ, പൂക്കൾ വിതറിയ പാതകളിലൂടെ മണിക്കൂറുകളെടുത്താണ് ഗാരിഞ്ച അവസാനമായി സ്വന്തം നാട്ടിലെത്തിയത്. ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ അത്ര വലിയ ജനക്കൂട്ടം അതിനു മുമ്പോ പിമ്പോ ആരുടെ ശവസംസ്കാരത്തിനും ബ്രസീൽ ഒരിക്കലും ദർശിച്ചിരുന്നില്ല… എന്തൊരു ജീവിതം, എന്തൊരു മരണം ! കഷ്ടിച്ച് നാൽപ്പത്തിയൊമ്പത് വർഷങ്ങൾകൊണ്ട് മിക്കവാറും അസാധ്യമായ ഒരു ജീവിതം സാക്ഷാത്കരിച്ച് ഒരു ദുരന്ത സ്വപ്നം പോലെ ഗാരിഞ്ച പതുക്കെ മറഞ്ഞു മറഞ്ഞു പോയി….
ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിനെപ്പോലെ ജോഗോ ബൊണീറ്റോ (Beautiful game) രക്തത്തിൽ ഇത്രയധികം അലിഞ്ഞുചേർന്ന ഫുട്ബോൾ ഇതിഹാസങ്ങളെ വാർത്തെടുത്ത രാജ്യമില്ല. ആർതർ ഫ്രീഡൻ റീഷും ലിയോണിദാസും മുതൽ 2004ൽ മാത്രം ജനിച്ചുവീണ് ഇതിനകം തന്നെ ഫുട്ബോളിന്റെ ഭാവി എന്ന് കൊണ്ടാടപ്പെടുന്ന പതിനേഴുകാരനായ കെയ്ക്കി ഫെർണാണ്ടോ വരെ എത്ര എത്ര മഹാരഥന്മാർ!
ഡി ഫ്രീറ്റസ്, ദീദി, വാവ, നിൽട്ടൻ സാന്റോസ്,ടെസ്റ്റാവോ, സോക്രട്ടീസ്,റിവെലിനോ, ജേർസിഞ്ഞോ, റോബർട്ടോ കാർലോസ്, ജൂനിയർ, കാസിലാസ്, പെലെ,സീക്കോ, റൊമാരിയോ,കരീക്കാ, കഫു, ദുംഗ, റിവാൾഡോ, റൊണാൾഡോ, റൊണാൾഡിഞ്ഞോ, കാക്കാ, റൊമേരിയോ, നെയ്മർ…ഇവരിൽ പലരും മൈതാനങ്ങളിൽ കളി വായിച്ചെടുക്കുന്നതിലും, സാങ്കേതികമായും ഗാരിഞ്ചയേക്കാൾ മുന്നിലാണെങ്കിലും കളിയുടെ സ്വാഭാവികതയിലും ജനപ്രിയതയിലും, അപ്രവചനീയ മായ തന്ത്രങ്ങൾ പുറത്തെടുത്ത് എതിരാളിയെ അമ്പരപ്പിക്കുന്നതിലും ഗാരിഞ്ച അവരെയെല്ലാം കാതങ്ങളോളം അതിശയിച്ചേക്കും…എന്തായിരുന്നു ആ മുടന്തൻ കളിക്കാരനെ ജനങ്ങൾക്ക് ഇത്രമാത്രം പ്രിയങ്കരനാക്കിയത്? പെലെയെ ഓ റിയോ (ദി കിങ് ) എന്നു വിളിച്ച അവർ, ഗാരിഞ്ചയെ Alegria do povo ( joy of People ) എന്നാണ് ഓമനിച്ചു വിളിച്ചത്. ബ്രസീലിയൻ സാംബാ താളത്തിൽ പുൽമൈതാനങ്ങളിൽ അയാൾ വിരിയിച്ച ഫുട്ബോൾ മാജിക്കിന്റെ അന്തമറ്റവ്യവഹാരങ്ങൾ കണ്ടപ്പോൾ വളഞ്ഞ കാലുള്ള മാലാഖ എന്നും.
ആധുനിക ഫുട്ബോളിലെ ഡ്രിബ്ളിങ്ങിന്റെ പെർമ്യൂട്ടേഷനും കോമ്പിനേഷനും റിവെലിനോയുടെ ഫ്ലിപ് ഫ്ലാപിനും, റൊണാൾഡിഞ്ഞോയുടെ ബോഡി ഡോഡ്ജിങ്ങിനുമെത്രയോ മുമ്പ് മൈതാനങ്ങളിൽ ആദ്യമായി സാക്ഷാത്കരിച്ചത് ഗാരിഞ്ച യായിരുന്നു. അയാളുടെ ചലനങ്ങളുടെ അപ്രവചനീയത, മാനറിസങ്ങളിലെ കൗതുകങ്ങൾ, വിസ്മയകരമായ കൂടു വിട്ടു കൂടുമാറലുകൾ, എല്ലാം കാണികളെ ഹരം കൊള്ളിച്ചു. അയാൾക്കെതിരെ വരുമ്പോൾ ആഭിചാരം ചെയ്യപ്പെട്ടതുപോലെ തെറ്റായ ദിശയിലേക്ക് വഴുതുന്ന പുകഴ്പെറ്റ ഡിഫെൻഡർമാർ, മിസൈലുകളെപ്പോലെ ഗോൾ പോസ്റ്റിലേക്ക് ആവാഹിക്കപ്പെടുന്ന പന്തുകൾ, പെനാൽട്ടി ബോക്സിൽ മില്ലിമീറ്റർ കൃത്യതയോടെ പറന്നെത്തി തൊട്ടാൽ ഗോളാവുന്ന വലതു ഫ്ലാങ്കിൽ നിന്ന് വരുന്ന ക്രോസുകൾ… നിങ്ങളുടെ നാട് സൃഷ്ടിച്ച ഏറ്റവും മഹാനായ കളിക്കാരനാരാണെന്ന് തെരുവിൽ കാണുന്ന ആദ്യത്തെ ബ്രസീലുകാരനോട് ചോദിച്ചു നോക്കൂ… നെഞ്ചിൽ തട്ടി അവർ പറയും , ഗാരിഞ്ച,ഞങ്ങളുടെ മനേ ഗാരിഞ്ച…
മൂന്നു ലോകകപ്പുകൾ ജയിച്ചെങ്കിലും ഗാരിഞ്ചയേയോ, മാറഡോണയേയോ പോലെ ഒരു സാധാരണ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയല്ല ഒരു ലോകകപ്പും പെലെ ജയിച്ചത്. ദീദി, ഗാരിഞ്ച, വാവ നിൽട്ടൺ സാന്റോസ് എന്നീ അതി പ്രഗത്ഭർ 1958ലും റിവെലിനോ, ജെർസിഞ്ഞോ, ടെസ്റ്റാവോ, കാർലോസ് ആൽബർട്ടോ തുടങ്ങിയ ഫുട്ബോൾ മാന്ത്രി കർ 1970ലും പെലെക്ക് കൂട്ടുണ്ടായിരുന്നു. 1962ലാവട്ടെ ആദ്യ റൗണ്ടിൽ തന്നെ പെലെ പരിക്കേറ്റു പുറത്തുപോയിരുന്നുതാനും.
ഗാരിഞ്ചയുടെ വിസ്മയിപ്പിക്കുന്ന ഡ്രിബിളിങ് പാടവമോ, കാണികളെ ആഹ്ളാദിപ്പിക്കുന്ന ചെപ്പടിവിദ്യകളോ, അസിസ്റ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന കൃത്യതയോ നിസ്വാർഥതയോ സർവ്വോപരി ജീവിതത്തിന്റെ സ്വച്ഛന്ദതയോ പെലെ സ്വാംശീകരിച്ചിരുന്നോ എന്ന സംശയം പല പ്രശസ്ത ഫുട്ബോൾ കളിയെഴുത്തുകാരും പണ്ഡിതരും പല ഘട്ടങ്ങളിലും ശക്തിയായി ഉന്നയിച്ചിട്ടുണ്ട്…
പെലെയും ഗാരിഞ്ചയും
ഒരു ക്ലിനിക്കൽ ഫുട്ബോളറായിരുന്നു പെലെ. കളിക്കാർക്ക് മഹത്തായ ഒരു മോഡൽ. ജീവിതം കൃത്യമായ ചതുരക്കളങ്ങളിലൊതുക്കാൻ മിടുക്കനായിരുന്നു പെലെ… ഗാരിഞ്ചയാവട്ടെ തികച്ചും സ്വഭാവികവും നിഷ്കളങ്കവുമായി ഫുട്ബാൾ കളിച്ചു. കളിച്ച കളികളൊക്കെ വലിയ ആഘോഷമാക്കിമാറ്റി അയാൾ. തന്റെ ശരീരം കളിയുടെ പൂർണതക്കായി പെലെ കാത്തുവെച്ചപ്പോൾ ചട്ടുകാലനായ ഗാരിഞ്ച ചികിത്സ തേടാൻ പോലും മടിച്ചു. നിരന്തരമായി പുത്തൻ കളിപാഠങ്ങൾ പഠിച്ച് അവ പരീക്ഷിച്ച് വിജയിക്കുന്നതിൽ പെലെ ആഹ്ളാദിച്ചപ്പോൾ കളിപാഠങ്ങൾ തിരസ്കരിച്ച് സ്വതഃസിദ്ധമായ കളിയിൽ ഗാരിഞ്ച അഭിരമിച്ചു.
ഭാവിയെക്കുറിച്ചുള്ള കൃത്യമായ പ്ലാനിന്റെ അപ്പോസ്തലനായിരുന്നു പെലെ. പ്ലാനിങ്ങ് എന്താണെന്നുപോലും അറിയാത്ത ആളായിരുന്നു ഗാരിഞ്ച. കാശു മുഴുവൻ ശരിയായ ആസൂത്രണത്തോടെ പെലെ വൻ ബിസിനസ്സുകളിൽ നിക്ഷേപിച്ചപ്പോൾ കിട്ടിയ കാശൊക്കെ അളമാരിയിലും, കിടക്കക്കടിയിലും പാഴ് സഞ്ചികളിലും ഗാരിഞ്ച സൂക്ഷിച്ചുവെച്ചു. പെലെ സ്വയം എസ്റ്റാബ്ലിഷ്മെന്റായി വളർന്നപ്പോൾ ഗാരിഞ്ച ജീവിതത്തിലുടനീളം എസ്റ്റാബ്ലിഷ്മെന്റുകളോട് കലഹിച്ചു…
വെറും പച്ച മനുഷ്യനായിരുന്നു ഗാരിഞ്ച. മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും ബലഹീനതകളും സ്നേഹവും കഷ്ടപ്പാടും ദുഃഖവും ഒറ്റ ജീവിതംകൊണ്ട് വലിച്ചു മോന്തിയ ഒരാൾ.
ബ്രസീലിയൻ സാഹിത്യത്തിലെ അതിപ്രഗത്ഭനായ കവി പൗലോ മെൻഡസ് കാംപോസ് ഫുട്ബോൾ മൈതാനത്തിലെ എത്ര മനോഹരമായ കവിതയാണ് ഗാരിഞ്ചയുടെ കളി എന്ന് അത്ഭുതം കൂറിയിട്ടുണ്ട്… മാലാഖയാൽ സ്പർശിക്കപ്പെട്ട കവിയെപ്പോലെ, സ്വർഗീയമായ ഗാനശകലത്തെ പിന്തുടരുന്ന സംഗീതജ്ഞനെപ്പോലെ, താളത്താൽ ബദ്ധനായ നർത്തകനെപ്പോലെയൊക്കെയാണ് ഗാരിഞ്ച സ്വയം പ്രചോദിതനായി ഇന്ദ്രജാലത്തിലെന്നപോലെ ഫുട്ബോൾ കളിച്ചിരുന്നത്, വിസ്മയംപൂണ്ട് അദ്ദേഹം എഴുതി…
ലോകപ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റും ഫുട്ബോൾ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ അതിവിദഗ്ധനുമായിരുന്ന ജയാദിത്യ ഗുപ്ത, റയോഡിജാനിറോയിൽ അദ്ദേഹം നടത്തിയ ഒരു റാൻഡം ഗ്രൂപ്പ് ഇന്റർവ്യൂവിനെക്കുറിച്ച് ഒരിക്കൽ പരാമർശിക്കുന്നുണ്ട്. ‘ജോഗോ ബൊണിറ്റയെക്കുറിച്ച് പലതുമെഴുതിയ കൂട്ടത്തിലാണ് ആകസ്മികമായി അദ്ദേഹം അത് എഴുതുന്നത്. ബ്രസീൽ സൃഷ്ടിച്ച ഏറ്റവും മികച്ച കളിക്കാരൻ ഗാരിഞ്ചയാണെന്ന് അദ്ദേഹം ആരാഞ്ഞ 30 പേരും ഒറ്റ ശ്വാസത്തിൽ പറഞ്ഞത്രെ.
പെലെ ഗോളുകൾ അടിച്ചിട്ടുണ്ടാവാം, പക്ഷേ ഗാരിഞ്ചയാണ്…ജീവിതത്തിന്റെ വർണോജ്ജ്വല കാലം പിന്നിട്ട് അവസാന വർഷങ്ങളിൽ കടത്തിൽ മുങ്ങി ഏകാന്തനും തിരസ്കൃതനുമായ ഗാരിഞ്ച തന്റെ തകർന്ന വീട് നന്നാക്കാൻ ബ്രസീൽ ഫുട്ബോൾ അസോസിയേഷനോട് ലോൺ അപേക്ഷിച്ച് നിരസിക്കപ്പെട്ട കഥ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കടുംചായത്തിൽ വരച്ചു ചേർത്തിട്ടുണ്ട്. ലോൺ അപേക്ഷ നിരസിക്കപ്പെട്ടതിന്റെ ദുഃഖം സഹിക്കാനാവാതെ പള്ളിക്കു മുന്നിൽ തലയറഞ്ഞ് നിലവിളിക്കുന്ന ഗാരിഞ്ചയുടെ ചിത്രം ഹൃദയഭേദകമായിരുന്നുവത്രേ…
മറ്റേതൊരു ബ്രസീലിയൻ താരത്തിന്റെ ജേഴ്സി നമ്പറിനേയും അതിശയിക്കുമാറ് ഇന്നും ബ്രസീലിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജേഴ്സി നമ്പർ ഏഴ് ആണ്. ഗാരിഞ്ചയുടെ 1962ലെ ലോകകപ്പ് നമ്പർ. ’58‐62കാലത്ത് പതിനൊന്നാം നമ്പർ ജേഴ്സിയിൽ അയാൾ കളിച്ചിരുന്നുവെങ്കിലും ആരാധകർക്ക് അയാൾ എന്നും 1962ലെ ഗാരിഞ്ചയാണ്. സ്വന്തം മനേ ഗാരിഞ്ച.
ഗാരിഞ്ച ഫോക്കസ്സിൽ നിന്ന് ഫെയ്ഡ് ഔട്ട് ആവുന്നതിനു മുമ്പ് വൈഡ് ആംഗിളിൽ ഒരു ലോങ് ഷോട്ട്: 1980. റിയോവിലെ പ്രശസ്തമായ മാൻഗ്വിനാ സാംബാ സ്കൂളിന് അവരുടെ പ്രതിവർഷ കാർണിവൽ പരേഡിന് ജേഴ്സിയണിഞ്ഞ ഒരു ഫുട്ബോൾ താരത്തെ വേണം. തുച്ഛമായ വേതനത്തിന് ആരോ ഒരു പഴയ ഫുട്ബോൾ കളിക്കാരനെ താങ്ങിപ്പിടിച്ച് അവിടെ എത്തിക്കുന്നു. രോഗങ്ങൾ പിച്ചിച്ചീന്തിയ തളർന്ന ശരീരം താങ്ങി നരച്ച് പിഞ്ഞിയ മഞ്ഞ ജേഴ്സിയണിഞ്ഞ് പാതി ബോധത്തിൽ, അവശനായ ആ കളിക്കാരനെ ഫ്ളോട്ടിന്റെ വാഹനത്തിൽ അവർ കയറ്റി. പതുക്കെ ആ പരേഡ് മുന്നോട്ട് നീങ്ങിയപ്പോൾ ആരോ ഞെട്ടലോടെ തിരിച്ചറിഞ്ഞു : ഗാരിഞ്ച , മനേ ഗാരിഞ്ചയായിരുന്നു അത്…
മഞ്ഞ ജേഴ്സിയിലെ ഏഴാം നമ്പറിൽ ഫോക്കസ് ചെയ്ത ഷോട്ട് പതുക്കെ പതുക്കെ ഫെയ്ഡ് ഔട്ട് ആവുകയാണ് .
ഓ ഗാരിഞ്ചാ…. യ..