ന്യൂഡൽഹി
ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നാളെ നടക്കും. ഗുസ്തി താരങ്ങളുടെ ഗുരുതരമായ പരാതിക്ക് കാരണക്കാരനായ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് മത്സരം. ലൈംഗികപീഡന പരാതിയുണ്ടായിട്ടും ബിജെപി എംപിയായ ബ്രിജ്ഭൂഷനെതിരെ നടപടിയുമുണ്ടായില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഉത്തർപ്രദേശിൽനിന്നുള്ള സഞ്ജയ്കുമാർ സിങ്ങാണ് ബ്രിജ്ഭൂഷന്റെ സ്ഥാനാർഥി. എതിരാളി 2010 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേത്രിയായ അനിത ഷിയോണാണ്. മത്സരരംഗത്തുള്ള ഏകവനിതയാണ്. സെക്രട്ടറി ജനറലായി ദർശൻ ലാലിനെ ബ്രിജ്ഭൂഷൻ അവതരിപ്പിക്കുന്നു. പ്രേംചന്ദ് ലൊകമ്പാണ് എതിരാളി.
്രഷറർ സ്ഥാനത്തേക്ക് സത്യപാൽ സിങും ദുഷ്യന്ത് ശർമയും മത്സരിക്കും. ഒരു സീനിയർ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, രണ്ട് ജോയിന്റ് സെക്രട്ടറി, അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെയാണ് സംസ്ഥാന അസോസയേഷൻ പ്രതിനിധികൾ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക.
മുൻ ഏഷ്യൻ ഗെയിംസ് ചാമ്പ്യനും സെക്രട്ടറി ജനറലുമായിരുന്ന കർതാർസിങ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.