തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി അസുഖം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞുവന്നിരുന്ന 25 അനാഥരായ രോഗികളെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. ഗാന്ധിഭവൻ ശാഖാ സ്ഥാപനമായ വാളകം ഗാന്ധിഭവൻ മേഴ്സി ഹോമിൽ ഇവർക്കാവശ്യമായ മികച്ച പരിചരണം, ചികിത്സ അടക്കമുള്ള എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവനിൽ വയോജനങ്ങൾ, കുഞ്ഞുങ്ങൾ, കിടപ്പുരോഗികൾ, മാനസികരോഗികൾ, ഭിന്നശേഷിക്കാർ, എച്ച്ഐവി ബാധിതരടക്കമുള്ള ആയിരത്തി ഇരുന്നൂറിലധികം അഗതികൾ വസിക്കുന്നു. ഇവർക്കാവശ്യമായ പരിചരണം, ചികിത്സ, മികച്ച ഭക്ഷണം, മറ്റ് മാനസിക ഉല്ലാസ പദ്ധതികൾ അടക്കമുള്ള എല്ലാ കാര്യങ്ങളും ഗാന്ധിഭവൻ നിർവ്വഹിച്ചുവരുന്നു. വയോജനസംരക്ഷണത്തിൽ രാഷ്ട്രപതിയിൽ നിന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള വയോശ്രേഷ്ഠസമ്മാൻ ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് ഗാന്ധിഭവൻ. സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡ് അടക്കം ഇന്ത്യയിലെ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ പ്രസ്ഥാനവുമാണിത്.
സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻകുമാർ മീണ ഐഎഎസ്, ന്നശേഷിക്കാർക്കുവേണ്ടിയുള്ള സംസ്ഥാന കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ, ഡെൽസ സെക്രട്ടറിയും സബ്ബ് ജഡ്ജുമായ കെ എസ് ഷംനാദ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി അഡ്വ. എം കെ സിനുകുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ നിസാറുദ്ദീൻ, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രീതി ജെയിംസ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി എസ് അമൽരാജ്, ഗാന്ധിഭവൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൻസെന്റ് ഡാനിയേൽ, ഗാന്ധിഭവൻ പേഴ്സണൽ ചീഫ് മാനേജർ കെ സാബു, പ്രമോദ് പയ്യന്നൂർ, ശ്രീകുമാർ, ശാന്തിവിള ദിനേശ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ രോഗികളെ ഗാന്ധിഭവൻ ഏറ്റെടുത്തു.