മോസ്കോ
മോസ്കോ ലക്ഷ്യമാക്കി വന്ന രണ്ടു ഡ്രോൺ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം. ചൊവ്വ രാത്രിയുണ്ടായത് ഭീകരാക്രമണമാണെന്നും മോസ്കോ മേയർ സെർജി സൊബ്യാനിൻ ആരോപിച്ചു. നഗരത്തിനു പുറത്ത് ദൊമൊദെദ്വോ, മിൻസ്ക് ഹൈവേ എന്നിവിടങ്ങളിലേക്കായിരുന്നു ആക്രമണം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ പലതവണ റഷ്യയിലേക്ക് ഉക്രയ്ൻ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഞായറാഴ്ച പൊഡോൾസ്കിയിലേക്കും ഉക്രയ്ൻ ഡ്രോൺ ആക്രമണം ഉണ്ടായി.
അതിനിടെ, മോസ്കോയ്ക്കു സമീപമുള്ള ആയുധസംഭരണകേന്ദ്രത്തിൽ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ 45 പേർക്ക് പരിക്കേറ്റു. ആറുപേർ ഗുരുതരാവസ്ഥയിലാണ്. നേത്രോപകരണ നിർമാണകേന്ദ്രം പാട്ടത്തിന് നൽകിയ കെട്ടിടം വെടിമരുന്ന് ഉൾപ്പെടെ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്. പൊട്ടിത്തെറിയിൽ കെട്ടിടത്തിന് വ്യാപക നാശമുണ്ടായി.















