കൊച്ചി
ജനാധിപത്യത്തിന്റെ അതിസൂക്ഷ്മതലങ്ങളെപ്പോലും ആക്രമിച്ച് കീഴ്പെടുത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ നീക്കത്തിന്റെ ഭാഗമാണ് ഗ്രന്ഥശാലകളെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
ഫെഡറൽ സംവിധാനത്തെ തകർക്കാൻകൂടി ലക്ഷ്യമിട്ടാണ് എല്ലാ മേഖലയിലും നിയന്ത്രണം വേണമെന്ന ലക്ഷ്യത്തോടെ നീങ്ങുന്നത്. ഗ്രന്ഥശാലകളെ സംസ്ഥാന വിഷയത്തിൽനിന്നു മാറ്റി കേന്ദ്രത്തിനും സംസ്ഥാനത്തിനും പൊതു അധികാരമുള്ള സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമം ഈ ലക്ഷ്യത്തോടെയാണ്.
ചാതുർവർണ്യവ്യവസ്ഥയ്ക്ക് അനുയോജ്യമായ മനോനില സൃഷ്ടിക്കാനുള്ള വായന വളർത്താനാണ് ഗ്രന്ഥശാലകളിൽ ഇടപെടുന്നത്. പൗരാണികസംസ്കാരത്തെ ലോകത്തിനുമുന്നിലെത്തിക്കാനാണ് പരിഷ്കാരമെന്നു പറയുന്നത്. അധീശത്വമുള്ള ചെറുവിഭാഗത്തിന്റെ മൂല്യങ്ങൾ പൊതുമൂല്യമാണെന്ന് വരുത്തിത്തീർക്കാനും ഹിന്ദുത്വ അജൻഡയ്ക്ക് ആശയപ്രചാരണത്തിൽ മേൽക്കൈ നേടാനുമാണ് ഈ നീക്കം.
വിവിധ സംസ്ഥാനങ്ങളിൽ ലൈബ്രറിയുണ്ടെങ്കിലും ജനാധിപത്യപരമായ ഗ്രന്ഥശാലാ പ്രസ്ഥാനമുള്ളത് കേരളത്തിലാണ്. പുസ്തകം വാങ്ങുന്നതിലും ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും അതത് ഗ്രന്ഥശാലയ്ക്ക് സ്വയംഭരണമുള്ളത് ഇവിടെയാണ്. സംസ്ഥാനത്ത് ലൈബ്രറികൾക്ക് ഗ്രാന്റ് നൽകുമ്പോൾ 75 ശതമാനം തുകയ്ക്ക് പുസ്തകം വാങ്ങണമെന്നുമാത്രമാണ് നിഷ്കർഷിക്കാറുള്ളത്. ഏതു പുസ്തകം വാങ്ങണമെന്ന് ഗ്രന്ഥശാലകളാണ് തീരുമാനിക്കുന്നത്. സമവർത്തിപ്പട്ടികയിലായാൽ പുസ്തകം വാങ്ങുന്നതിൽമുതൽ നിയന്ത്രണം വരുന്ന നിയമങ്ങൾ വരാം. ഗ്രാന്റുതന്നെ പുസ്തകമായി നൽകുന്ന തീരുമാനവും വരാം–- ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.















