തൃശൂർ > കോർപറേറ്റുകളുടെ കീഴിലുള്ള മാധ്യമ പ്രവർത്തന കാലഘട്ടത്തിൽവാർത്തകൾ കേവലം വാണിജ്യ ഉൽപ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോർജ്. സ്വാതന്ത്ര്യ മാധ്യമ പ്രവർത്തനം നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് നാം തിരിച്ചറിയണം. തൃശൂർപ്രസ് ക്ലബ്ബിൽ ടി വി അച്യുതവാര്യർ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാജ്യത്തിന്റെ സാമ്പത്തിക, തൊഴിൽ, വ്യാപാര നയങ്ങൾ നിർണയിക്കുന്നതിനും, അഭിപ്രായം സ്വരൂപിക്കുന്നതിനും മുഖ്യപങ്കുവഹിക്കുന്നത് കോർപറേറ്റ് മാധ്യമങ്ങളാണ്. അതോടൊപ്പം, റേറ്റിങ് നോക്കിയാണ് ഇക്കൂട്ടർവാർത്തകൾസൃഷ്ടിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി റേറ്റിങ് നോക്കാതെ വാർത്തകൾ നൽകാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് ഒ രാധിക അധ്യക്ഷയായി. കഥാകൃത്ത് ഇ രാജൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മനോരമ ന്യൂസിലെ സീനിയർ ന്യൂസ് ക്യാമറാമാൻ സന്തോഷ് എസ് പിള്ള, മാതൃഭൂമി ഫോട്ടോഗ്രാഫർ ജി ശിവപ്രസാദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ടി എൻ പ്രതാപൻ എംപി, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ്, പ്രസ് ക്ലബ് സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ ഗിരീഷ്, ഭാസി പാങ്ങിൽ എന്നിവർ സംസാരിച്ചു. ദേശാഭിമാനിയിൽ നിന്ന് വിരമിച്ച മാധ്യമപ്രവർത്തക എ കൃഷ്ണകുമാരിക്ക് യാത്രയയപ്പ് നൽകി. മികച്ച വിജയം നേടിയ മാധ്യമപ്രവർത്തകരുടെ മക്കൾ മന്ത്രിയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി.