പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ എം എ യൂസഫലിയുടെ ഹെലികോപ്ടർ അനുമതിയില്ലാതെ പറന്നെന്ന കുമ്മനം രാജശേഖരനടക്കമുള്ളവരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിയില് ഏവിയേഷന് വിദഗ്ധ ജേണലിസ്റ്റ് ജേക്കബ് കെ ഫിലിപ്പ്. എടിസിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമായിരുന്നു പറക്കൽ. പറക്കിലിനിടെ നടത്തിയ നാലു ലാൻഡിങ്ങുകളും എടിയിസുടെ മേൽനോട്ടത്തിൽ തന്നെയായിരുന്നു. തിരുവനന്തപുരം വിമാനത്താളത്തിൽ നിന്ന്, ഇതേപോലെ പരിശീലനപ്പറക്കലിന് പറന്നുയരുന്ന ഒരു ഹെലിക്കോപ്ടറിനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശം ഒഴിവാക്കാനാവുകയില്ലെന്നും ജേക്കബ് കുറിപ്പിൽ വിശദമാക്കുന്നു.
കുറിപ്പ് പൂർണരൂപം വായിക്കാം:
കുമ്മനം രാജശേഖരനും അദ്ദേഹത്തെപ്പോലെ തന്നെ നിഷ്ക്കളങ്കരും ജിജ്ഞാസുക്കളുമായ അനുയായികൾക്കുമുള്ള കുറിപ്പാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഉഴറുന്നവരെ കണ്ടുള്ള അനുതാപം മൂലമുണ്ടായ പോസ്റ്റ് എന്നും പറയാം.
(ജൂലൈ 28ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ പറന്ന ഹെലിക്കോപ്ടർ ആരുടെയായിരുന്നു എന്ന ആ മില്യൺ ഡോളർ ചോദ്യത്തിന്റെ ഉത്തരം ഇന്നലെ തന്നതു കൊണ്ട് അത് കഴിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമേയുള്ളു എന്ന കാര്യം ശ്രദ്ധിക്കുക)
1. ആരാണ് ആ വ്യോമയാനം പറത്തിയിരുന്നത്?
റിട്ട. വിങ് കമാൻഡർ ക്യാപ്റ്റൻ രമണ ബാബു (54)
ക്യാപ്റ്റൻ നിരഞ്ജൻ ധാരാലി (32)
2. ആരാണിവർ, എന്താണിവവർ, എന്തിനാണിവർ ????
വ്യോമസേനയിൽ ഇരുപതുകൊല്ലത്തിലേറെ നീണ്ട സർവീസിനു ശേഷം വിരമിച്ച് പിന്നീട് തമിഴ്നാട് സർക്കാരിന്റെ ഹെലിക്കോപ്ടറുകൾ പറത്തിയിരുന്നയാളാണ് വിങ് കമാൻഡർ ക്യാപ്റ്റൻ രമണ ബാബു.ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ നിരഞ്ജനും രമണ ബാബുവിനെപ്പോലെ തന്നെ ആറായിരം മണിക്കൂറിലേറെ ഹെലിക്കോപ്ടർ പറത്തി പരിചയമുണ്ട്. മലയാളിയായ സുനിൽ നാരായണൻ മാനേജിങ് ഡയറക്ടറായ, ഇന്ത്യയിലെ പ്രമുഖ നോൺ-ഷെഡ്യൂൾഡ് എയർ ഓപ്പറേറ്ററും ഏവിയേഷൻ കൺസൾട്ടിങ് സ്ഥാപനവുമായ ചിപ്സൻ ഏവിയേഷന്റെ ജീവനക്കാരാണ് ഈ രണ്ടു പൈലറ്റുമാരും, പനങ്ങാട് അപകടത്തിനു ശേഷം യൂസഫലി ഈ ഹെലിക്കോപ്ടർ വാങ്ങുമ്പോൾ ഓരോ പറക്കലുകൾക്കും പൈലറ്റുമാരെ ലഭ്യമാക്കാനുള്ള കരാർ ചിപ്സൻ ഏവിയേഷനുമായി ഉണ്ടാക്കിയിരുന്നു.
3. എന്തിനായിരുന്നു ജൂലൈ 28 ന്റെ ആ ചുറ്റിപ്പറക്കൽ?
ഇന്ത്യയിൽ വ്യോമസുരക്ഷയുടെ ചുമതലയുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് ഒരു സ്വഭാവമുണ്ട്- വെറുതേ ഓരോ സുരക്ഷാ ചട്ടങ്ങളുണ്ടാക്കിക്കൊണ്ടിരിക്കും. അത്തരത്തിലൊരു ചട്ടം പറയുന്നത്, ഹെലിക്കോപ്ടറുകൾ (അത് എയർബസിന്റെ അത്യാധുനിക എച്ച്145 ആയാൽപ്പോലും) രാത്രി ലാൻഡു ചെയ്യണമെങ്കിൽ അതിന്റെ പൈലറ്റുമാർ തൊട്ടുമുമ്പുള്ള ആറു മാസത്തിൽ കുറഞ്ഞത് പത്തുതവണ നൈറ്റ് ലാൻഡിങ് നടത്തിയിക്കണം എന്നാണ്.
ഈ പൈലറ്റുമാർ ആറു രാത്രി ലാൻഡിങ്ങു മാത്രമേ ആറുമാസത്തിനുള്ളിൽ നടത്തിയിരുന്നുള്ളു എന്നതിനാൽ, നാലെണ്ണം കൂടി നടത്തേണ്ടിയിരുന്നു. യൂസഫലി അബുദാബിയിൽ നിന്ന് വന്ന് പിറ്റേന്നുമുതലുള്ള യാത്രകളിൽ നൈറ്റ് ലാൻഡിങ് വേണ്ടി വന്നേക്കും എന്ന മുൻകരുതൽ.
4. എന്നിട്ട് വെറുതേയങ്ങ് പറന്നു പൊങ്ങി, അല്ലേ?
അല്ല. വിമാനത്താവളത്തിൽ നിന്ന് ടേക്കോഫും ലാൻഡിങ്ങും നടത്തേണ്ടിയ ഈ ഹെലിക്കോപ്ടറിനായി വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിന് കൃത്യമായ അപേക്ഷ കൊടുത്തു ഫ്ലൈറ്റ്പ്ലാൻ കൊടുത്തു. ആ പ്ലാൻ നോക്കി അംഗീകരിച്ച എടിസിയുടെ നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമായിരുന്നു പറക്കൽ. രാത്രി ഇൻസ്ട്രമെന്റ് ഫ്ലൈറ്റ് റൂൾ അനുസരിച്ചുള്ള ആ പറക്കലിന്റെ ഓരോ നിമിഷവും എടിസിയുടെ നിയന്ത്രണം അനുസരിച്ചായിരുന്നു. എത്ര ദൂരം, ഏതു ദിശയിൽ, ഏതു പൊക്കത്തിൽ, എത്ര നേരം- എല്ലാം. പറക്കിലിനിടെ നടത്തിയ നാലു ലാൻഡിങ്ങുകളും എടിയിസുടെ മേൽനോട്ടത്തിൽ തന്നെയായിരുന്നു.
(കൂടുതൽ ജിജ്ഞാസയുള്ളവർക്ക്, എയർപോർട്ട്സ് അതോറിറ്റിയിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ, ആ ഫ്ളൈറ്റ് പ്ലാനും കിട്ടും- മുകളിൽക്കൊടുത്ത, പൈലറ്റുമാരുടെ പേരുവിവരം അടക്കം).
ഇനി കുമ്മനം ആൻഡ് സംഘത്തിനോട് ഒരു കാര്യം കൂടി- കാര്യങ്ങളെല്ലാം പകൽപോലെ വ്യക്തമായ സ്ഥിതിക്ക് വിജ്ഞാന സമ്പാദനം മാത്രം ലക്ഷ്യമാക്കിയുള്ള ജിജ്ഞാസ ശമിക്കും എന്ന തെറ്റിദ്ധാരണയോടെയല്ല ഈ കുറിപ്പ്. ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം നിങ്ങൾക്കു കിട്ടി എന്ന് ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന സാധാരണ മനുഷ്യർക്കു ബോധ്യമാകണല്ലോ- ആ ഒരു ഗൂഢ ലക്ഷ്യവുമുണ്ട്.
ഇനി താഴെക്കൊടുത്തിരിക്കുന്ന പടം നോക്കുക- അന്നത്തെ പറക്കൽപ്പാത തന്നെയാണ്. ഹെലിക്കോപ്ടർ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിൽ അഞ്ചുതവണ ചുറ്റിക്കറങ്ങി നിന്നു എന്ന് ആവർത്തിച്ചവർ ഒന്നു മനസ്സിരുത്തി നോക്കുക.
ഒരു കാര്യം കൂടി – തിരുവനന്തപുരം വിമാനത്താളത്തിൽ നിന്ന്, ഇതേപോലെ പരിശീലനപ്പറക്കലിന് പറന്നുയരുന്ന ഒരു ഹെലിക്കോപ്ടറിനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശം ഒഴിവാക്കാനാവുകയില്ല. യാത്രാവിമാനങ്ങൾ ലാൻഡു ചെയ്യാൻ വരുന്ന പാതയുടെയും പറന്നുയർന്ന് പോകുന്ന പാതയുടെയും ഇടയിൽ, റൺവേയ്ക്ക് സമാന്തരമായി, ഏറ്റവും സുരക്ഷിതമായി പറക്കാൻ കഴിയുന്ന സ്ഥലം ഇതുമാത്രമാണ്. അതുകൊണ്ടു തന്നെ, ഈ ഭാഗം പറക്കൽ നിരോധിത മേഖലയാക്കുന്നത് പ്രായോഗികവുമല്ല. വിമാനത്താവളത്തിന്റെ ലാഭകരമായ നടത്തിപ്പിനെക്കൂടി അത്തരമൊരു നിരോധനം ബാധിക്കും എന്നത് ഇതിനു പുറമേ. വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്ന കാര്യവും ബഹളസംഘങ്ങൾ ഓർമിക്കുന്നത് നന്നായിരിക്കും.