പ്രേക്ഷകമനസ്സും തിയറ്ററും ഒരുപോലെ നിറഞ്ഞ രണ്ട് സിനിമ. പോർ തൊഴിലും മധുരമനോഹര മോഹവും. രണ്ട് സിനിമയിലും ശ്രദ്ധേയ കഥാപാത്രമായി സുനിൽ സുഖദയുണ്ട്. പോർ തൊഴിൽ എന്ന തമിഴ് ത്രില്ലർ കണ്ട എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. പ്രേക്ഷകർ ത്രില്ലടിച്ച ആ പ്രകടനത്തെക്കുറിച്ച്, മുത്തു സെൽവനായുള്ള പകർന്നാട്ടത്തെക്കുറിച്ച് സുനിൽ സുഖദ സംസാരിക്കുന്നു:
തേടിവന്ന കഥാപാത്രം
പോർ തൊഴിലിന്റെ സംവിധായകൻ വിഗ്നേഷ് രാജ വിളിക്കുകയായിരുന്നു. എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. ഞാൻ ഇതുവരെ ഒരു സീരിയൽ കില്ലറുടെ വേഷം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്. എന്നാൽ, വിഗ്നേഷുമായി സംസാരിക്കുമ്പോൾ അയാൾക്ക് സിനിമയോടുള്ള അഭിനിവേശം മനസ്സിലായി. സിനിമയെക്കുറിച്ച് നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ആളാണ്. എന്നെ തേടിവന്ന കഥാപാത്രമാണ് പോർ തൊഴിലിലേത്. ഞാൻ ഇതുപോലെയുള്ള കഥാപാത്രം മുമ്പ് ചെയ്തിട്ടില്ലല്ലോ. എന്തുകൊണ്ടാണ് എന്നെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തതെന്ന് ചോദിച്ചിരുന്നു. എന്റെ മുഖം, ചിരി അതെല്ലാം കണ്ടാണെന്നാണ് പറഞ്ഞത്. കഥ പറഞ്ഞപ്പോൾത്തന്നെ ഒരു പൈലറ്റ് എപ്പിസോഡ് കാണിച്ചിരുന്നു. അതിലെ സംഗീതത്തിന്റെ സ്വാധീനമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. സംവിധായകന്റെ ആത്മവിശ്വാസത്തിന് എന്നെ വിട്ടുകൊടുക്കുന്ന ആളാണ് ഞാൻ.
മുന്നൊരുക്കം
പള്ളീലച്ചൻ, അധ്യാപകൻ ഇങ്ങനെയുള്ളവരെയൊക്കെ നമ്മൾ ജീവിതത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ, സീരിയൽ കില്ലറെ മുമ്പ് കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് കഥാപാത്രമാകാൻ തയ്യാറെടുപ്പുകൾ നടത്തി. സീരിയൽ കില്ലർമാരെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. യു ട്യൂബിൽ അവരുടെ തന്നെ അഭിമുഖങ്ങൾ കണ്ടു. അങ്ങനെ നന്നായി മുന്നൊരുക്കം നടത്തി. സെറ്റിൽ പോയപ്പോൾ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. വരുന്നു, ചെയ്യുന്നുവെന്ന രീതിയിലായിരുന്നു. എല്ലാം ഓക്കെയായി.
അവസരം കിട്ടി, ചെയ്തു
സിനിമയിൽ ആക്ഷൻ രംഗങ്ങൾ ഉണ്ടായിരുന്നു. കാരൈക്കുടിയിലായിരുന്നു ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. ആക്ഷൻ ചെയ്യാൻ അവസരം കിട്ടിയപ്പോൾ അത് ചെയ്തു. നാടകത്തിന്റെ പശ്ചാത്തലം അതിന് ഗുണംചെയ്തു. ഞാൻ ഒരുപാട് മൈം ഒക്കെ ചെയ്തിരുന്നു. അതും ശരീര അധ്വാനമുള്ള രംഗങ്ങൾ ചെയ്യാൻ സഹായിച്ചു. സാങ്കേതിക പ്രവർത്തകർ, എതിരെ നിൽക്കുന്നവർ അവരെല്ലാംകൂടിയാണ് രംഗങ്ങൾ മികച്ചതാക്കുന്നത്. ആക്ഷൻ ചെയ്തത് ഒരു അനുഭവമായിരുന്നു. ശരത് കുമാർ, അശോക് സെൽവൻ അവർക്കെല്ലാം ഒപ്പം പ്രവർത്തിച്ചതും നല്ല അനുഭവമായിരുന്നു.
ത്രിൽ
സിനിമയുടെ പ്രചാരണ പരിപാടികളിൽ ട്രെയിലർ, പോസ്റ്റർ എന്നിവയിലൊന്നും ഞാൻ ഉണ്ടാകില്ലെന്ന് ആദ്യംതന്നെ പറഞ്ഞിരുന്നു. എന്റെ കഥാപാത്രം പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. ആ ത്രിൽ എന്തിനാണ് നശിപ്പിക്കുന്നതെന്നാണ് ചിന്തിച്ചത്. സാധാരണ സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പോകുന്ന ആളാണ്. ഇതിൽ മാറിനിൽക്കുന്നതാണ് നല്ലത്. എന്റെ കഥാപാത്രത്തിന് പ്രചാരണമില്ലായ്മയാണ് യഥാർഥത്തിൽ അതിന്റെ പ്രചാരണം. സിനിമയുടെ റിവ്യു പറഞ്ഞ കൂടുതൽ പേരും ഞാനാണ് വില്ലനെന്ന് പറയാതെ അതിന്റെ സസ്പെൻസ് സൂക്ഷിക്കാനുള്ള മാന്യത കാണിച്ചു.
സെലക്ടീവ് നടനല്ല
വാണിജ്യ സിനിമയുടെ ഭാഗമായി നിൽക്കുമ്പോൾ വലിയ കഥാപാത്ര തെരഞ്ഞെടുപ്പിനുള്ള സാധ്യതകളില്ല. പിന്നെ നമ്മൾ നമ്മളെ നിയന്ത്രിക്കണം. വരുന്ന കഥാപാത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കണം. എത്രയോ പേർ സിനിമയിൽ അവസരത്തിനായി കാത്തിരിക്കുന്നു. അതുകൊണ്ട് വരുന്ന കഥാപാത്രം വേണ്ടെന്ന് ചിന്തിച്ചിട്ടില്ല. ഒരേപോലെയുള്ള കഥാപാത്രംതന്നെ വീണ്ടും ചെയ്യുമ്പോൾ അത് വ്യത്യസ്തമാക്കണം എന്നാണ് നടൻ എന്നനിലയിൽ ചിന്തിക്കാറ്. ഞാനൊരു സെലക്ടീവ് നടനല്ല. സിനിമയിലേക്ക് എങ്ങനെ സംഭാവന ചെയ്യാമെന്നാണ് നോക്കാറ്.
ഭാഷ അടയാളമാണ്
സുനിൽ സുഖദ
എന്റെ ഭാഷ എന്നനിലയിൽ തൃശൂർ ഭാഷയിൽ ഞാൻ കംഫർട്ടബിളാണ്. നമ്മുടെ ഭാഷ എന്നനിലയിൽ സംസാരിക്കുമ്പോൾ സ്വാഭാവികമായും അത് കടന്നുവരും. ചിലതിൽ വ്യത്യസ്തപ്പെടുത്താറുണ്ട്. നടൻ എന്നനിലയിൽ ഞാൻ അറിയപ്പെടാൻ തുടങ്ങിയത് ഭാഷ, തടി, രൂപം എന്നിവയിലൂടെയാണ്. അതിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ട്.
വലിയ സന്തോഷം
പോർ തൊഴിൽ, മധുരമനോഹര മോഹം എന്നീ സിനിമകൾ വലിയ വിജയമായി. ഈ രണ്ട് സിനിമയിലും ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. എം എ നിഷാദ് സംവിധാനംചെയ്യുന്ന ഉർവശി, മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രമാകുന്ന അയ്യര് കണ്ട ദുബായ്, സിദ്ദിഖ് സാറിന്റെ അസോസിയറ്റ് നൗഷാദ് സംവിധാനംചെയ്യുന്ന പൊറോട്ട് നാടകം എന്നിവയാണ് പൂർത്തിയാക്കിയ പടങ്ങൾ. പൊറോട്ട് നാടകത്തിൽ സൈജു കുറുപ്പാണ് നായകൻ.