ഓക്ലാൻഡ്
കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന സുന്ദര ഫുട്ബോളുമായി സ്പാനിഷ് വനിതകൾ. ടിക്കി ടാക്കയുടെയും സംഘടിതശൈലിയുടെയും കാലം അവസാനിച്ചിട്ടില്ലെന്ന് വിളംബരം ചെയ്ത് സ്പെയ്ൻ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടറിൽ. സ്വിറ്റ്സർലൻഡിനെ 5–-1ന് കശക്കി. ചരിത്രത്തിലാദ്യമായാണ് സ്പാനിഷ് പട അവസാന എട്ടിലിടംനേടുന്നത്.
സ്വിസ്സിനെതിരെ ആകെ 36 ഷോട്ടുകളാണ് തൊടുത്തത്.
ഇതിൽ പത്തും വല ലക്ഷ്യമാക്കി. പന്തിൽ 70 ശതമാനവും ആധിപത്യം. 677 പാസുകൾ. ഇതിൽ 87 ശതമാനം കൃത്യതയും. പാസ് നൽകാൻമാത്രമല്ല ഗോളടിക്കാനും കഴിയുമെന്ന് സ്പെയ്ൻ തെളിയിച്ചു. ഐതാന ബൊൻമാട്ടി ഇരട്ടഗോൾ നേടിയപ്പോൾ ആൽബ റെദെനോദോ, ലൈവ കൊദിന, ജെന്നിഫർ ഹെർമെസോ എന്നിവരും ലക്ഷ്യംകണ്ടു. ലൈലയുടെ പിഴവുഗോളിലാണ് സ്വിറ്റ്സർലൻഡ് ആശ്വസിച്ചത്.
ഗ്രൂപ്പിലെ അവസാനകളിയിൽ ജപ്പാനോട് നാല് ഗോളിന് തോറ്റാണ് സ്പെയ്ൻ എത്തിയത്. കരുത്തരായ സ്വിറ്റ്സർലൻഡിനെതിരെ പിഴവുകളില്ലാത്ത കളിയായിരുന്നു. കൂട്ടായ്മയുള്ള മിന്നൽനീക്കങ്ങളിൽ സ്വിസ്സുകാർ അത്ഭുതപ്പെട്ടു. ഐതാന അഞ്ചാംമിനിറ്റിൽ സ്പെയ്നിനെ മുന്നിലെത്തിച്ചു. പിന്നാലെ ലൈവയുടെ ദാനഗോളിൽ സ്വിസ്സുകാർ ഒപ്പമെത്തിയെങ്കിലും സ്പെയ്ൻ വിട്ടുകൊടുത്തില്ല. എതിരാളിക്ക് ഒരവസരവും നൽകാതെ കളിപിടിച്ചു.
ഇന്ന് നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക സ്വീഡനെയും നേരിടും.