ന്യൂഡൽഹി
യഥാർഥ വിശ്വാസികളോടാണ് കമ്യൂണിസ്റ്റുകാർക്ക് കൂറുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയവാദികൾ വിശ്വാസികളല്ല. കപട വിശ്വാസത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നവരെ ശക്തിയായി എതിർക്കും. തുറന്നുകാണിക്കും. അള്ളാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും ഞാൻ പറഞ്ഞിട്ടില്ല. അള്ളാഹു വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്; ഗണപതിയും അങ്ങനെ തന്നെ.
ഞാൻ പറഞ്ഞതിൽനിന്ന് ചില വാക്കുകൾ എടുത്ത് കള്ളപ്രചാരണം നടത്തുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കോർപറേറ്റ് നയങ്ങൾ രാജ്യത്തെ ദുരിതത്തിലാക്കി. ഇതിൽനിന്ന് തടിതപ്പാൻ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ടുപോകാനാണ് ബിജെപി ശ്രമം. മുസ്ലിം വിരുദ്ധതയാണ് ബിജെപി പയറ്റുന്ന വർഗീയതയുടെ കാതൽ– അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാക്കുകൾ ജീർണമായ വർഗീയതയുടെ അങ്ങേയറ്റമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനും കുറെക്കാലമായി ഒരേ അഭിപ്രായമാണ്. വിചാരധാരയുടെ വർഗീയചിന്തയാണ് സതീശന്റെ മനസ്സിനെ ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പരാമർശങ്ങൾ സൂചിപ്പിക്കുന്നു. ഇതുകൊണ്ടൊന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ കഴിയില്ലെന്ന് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.