തിരുവനന്തപുരം> ജൂലൈ പിന്നിടുമ്പോൾ സംസ്ഥാനത്ത് കാലവർഷത്തിൽ 35 ശതമാനം മഴക്കുറവ്. ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ 1301.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 852 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. ഇടുക്കിയിൽ 52 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിൽ 48 ശതമാനവും മഴ കുറഞ്ഞു.
അടുത്ത രണ്ടു മാസവും സാധാരണയിൽ കുറവു മഴയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചു. 653.5 മില്ലിമീറ്റർ ലഭിക്കേണ്ട ജൂലൈയിൽ 592 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റാണ് ജൂണിൽ മഴ ദുർബലമാകാൻ കാരണമായത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി, തീരദേശ ന്യൂനമർദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തിലാണ് ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചത്.
നേരിയ മഴ തുടരും
സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. കർണാടക തീരത്ത് പോകരുത്.