കുവൈത്ത് സിറ്റി > മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത്, ഇരകളെ സംരക്ഷിക്കല് എന്നിവക്കെതിരെ അന്താരാഷ്ട്ര മാനദണ്ഡങ്ങള് പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത്.മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി ‘ഒരുമിച്ച് മനുഷ്യക്കടത്ത് തടയുക’ എന്ന പേരില് സംഘടിപ്പിച്ച കാമ്പയിനില് സംസാരിക്കവെ കുവൈത്ത് നീതിന്യായ മന്ത്രാലയം അണ്ടര് സെക്രട്ടറി ഹാഷിം അല് ഖല്ലാഫ് ഇക്കാര്യം വ്യക്തമാക്കി.വ്യക്തികളെ കടത്തുന്നതിനെതിരെയുള്ള യുഎന് ലോക ദിനത്തോടനുബന്ധിച്ചാണ് കാമ്പയിന് ആരംഭിച്ചത്.
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിന് കുവൈത്ത് നിയമം പ്രഖ്യാപിച്ചതായും ഇതിന് 15 വര്ഷം തടവുമുതല് വധശിക്ഷവരെ ശിക്ഷ ലഭിക്കുമെന്നും ,കുവൈത്ത് സര്ക്കാര് മനുഷ്യക്കടത്ത് ചെറുക്കുന്നതിനും ഇരകള്ക്ക് സംരക്ഷണം നല്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അല് ഖല്ലാഫ് പറഞ്ഞു.
മനുഷ്യക്കടത്ത് അന്താരാഷ്ട്രസമൂഹത്തിന്റെ പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളുടെടെയും സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനതത്ത്വങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.