കൊച്ചി > ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെമ്പാടും സ്ഥാപിച്ചതുപോലുള്ള കല്ലുകളിലൊന്ന് ആലുവ മാർക്കറ്റിലും കാണാം. വരുന്ന ആഗസ്ത് 29ന് കല്ല് കുഴിച്ചിട്ടതിന്റെ 10–-ാംവാർഷികമാണ്. നഗരസഭയുടെ നേതൃത്വത്തിൽ ആലുവ പൊതുമാർക്കറ്റ് നിർമാണോദ്ഘാടനം എന്നാണ് കല്ലിൽ കൊത്തിവച്ചിട്ടുള്ളതെങ്കിലും 10–-ാംവർഷത്തിലും ആലുവയിലെവിടെയും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അന്നും ഇന്നും നഗരസഭ ഭരിക്കുന്നത് യുഡിഎഫ് തന്നെ. എംഎൽഎ അൻവർ സാദത്തും.
അഞ്ചുവയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് സാമൂഹ്യവിരുദ്ധതാവളമായി മാറിയ ആലുവ മാർക്കറ്റിന്റെ ശോച്യാവസ്ഥ വീണ്ടും വാർത്തകളിൽ ഇടംനേടിയത്. കുട്ടിക്കുനേരെ കൊടുംപീഡനം നടന്നതും അവളുടെ മൃതദേഹം ഒളിപ്പിച്ചതുമെല്ലാം നരകതുല്യമായ ഈ മാർക്കറ്റ് പരിസരത്താണ്. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ എത്രയോ കുറ്റകൃത്യങ്ങൾ അരങ്ങേറുന്നതും കുറ്റവാളികൾ സ്വൈരമായി വിഹരിക്കുന്നതും ഇവിടെയാണ്. കാലങ്ങളായി നഗരസഭ ഭരിക്കുന്നവരുടെ കുറ്റകരമായ അനാസ്ഥയൊന്നുമാത്രമാണ് ജില്ലയിലെ പ്രധാന വിപണികളിലൊന്നായ ആലുവയെ ഇതുപോലൊരു ദുരവസ്ഥയിലേക്ക് തള്ളിയിട്ടത്.
മാർക്കറ്റിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ് പുതിയത് പണിയാൻ 2014ൽ കല്ലിട്ടത്. പുതിയ കെട്ടിടത്തിൽ ഇടംനൽകാമെന്ന വാഗ്ദാനത്തോടെ ഓരോ വ്യാപാരിയിൽനിന്നും മൂന്നുലക്ഷം രൂപമുതൽ സമാഹരിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് ഒരു കല്ലെടുത്തുവയ്ക്കാൻപോലും നഗരസഭയ്ക്കായില്ല. ഉമ്മൻചാണ്ടിയിട്ട കല്ലും ഇതിനിടെ മാലിന്യക്കുപ്പയിലേക്ക് എടുത്തെറിഞ്ഞു. കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും കോൺഗ്രസിന്റെ വാഗ്ദാനങ്ങളിലൊന്ന് ആലുവ മാർക്കറ്റ് നിർമാണമായിരുന്നു. ഈ തെരഞ്ഞെടുപ്പൊന്ന് കഴിഞ്ഞോട്ടെ എന്നായിരുന്നു 2021ൽ അൻവർ സാദത്ത് എംഎൽഎയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ നഗരസഭാ ചെയർമാൻ എം ഒ ജോണിന്റെ പ്രഖ്യാപനം. എംഎൽഎ ഫണ്ടിൽനിന്ന് ഒരുകോടി രൂപ കിട്ടി.
ഇനി കിട്ടാനുള്ളതും കൂട്ടി മാർക്കറ്റ് പണിയുമെന്ന് എം ഒ ജോൺ പ്രഖ്യാപിച്ചിട്ട് വർഷം രണ്ടു കഴിഞ്ഞു. എംഎൽഎ നൽകി എന്നു പറഞ്ഞ ഒരുകോടി രൂപ എവിടെ പോയെന്നതും ദുരൂഹം. പുതുക്കിപ്പണിയുമെന്നു പറഞ്ഞ് പൊളിച്ചിട്ട ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അവസ്ഥയും ഇതുതന്നെ.ആളും അനക്കവുമില്ലാതെ, ഇരുട്ടടഞ്ഞ് കിടക്കുന്ന മാർക്കറ്റ് നഗരവാസികളിൽ ഭയാശങ്കയായി മാറിയിട്ട് കാലങ്ങളായി. പ്രദേശത്ത് ഒരു വിളക്ക് സ്ഥാപിക്കാൻപോലും നഗരസഭയ്ക്കായിട്ടില്ല. ലഹരി വിൽപ്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളമായി ഇവിടം തുടർന്നിട്ടും നഗരസഭയ്ക്ക് അനക്കമില്ല.