തിരുവനന്തപുരം > സ്കൂളുകളിലെ താൽക്കാലിക അധ്യാപകനിയമനം നടത്തുന്നത് പിടിഎ എന്ന മനോരമ വാർത്ത വാസ്തവ വിരുദ്ധം. സ്കൂൾ പിടിഎക്ക് നിയമനാധികാരമില്ല. എംപ്ലോയ്മെന്റിൽനിന്ന് അർഹരായവരുടെ ലിസ്റ്റ് കിട്ടിയില്ലെങ്കിൽ താൽക്കാലിക നിയമനത്തിന് അധികാരം പ്രധാന അധ്യാപകന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യു ബോർഡിനാണ്.
പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ അതതു വിഷയ വിദഗ്ധരും തദ്ദേശ സ്ഥാപന പ്രതിനിധിയും ഉൾപ്പെടുന്ന ഇന്റർവ്യു ബോർഡിൽ പിടിഎ പ്രസിഡന്റും പിടിഎ ചുമതലയുള്ള അധ്യാപകനും അംഗമാകുമെന്നേയുള്ളൂ. അതതു വിഷയത്തിലുള്ള വിദഗ്ധരും പ്രധാനാധ്യാപകരും നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റ് സ്കൂളിൽ പ്രദർശിപ്പിക്കുകയും വേണം. ഇന്റർവ്യു ബോർഡിൽ പിടിഎ പ്രതിനിധിക്ക് മാർക്ക് ഇടാനുള്ള അധികരവും ഇല്ല.
നിയമനം എംപ്ലോയ്മെന്റ് വഴിയാകണം:
മന്ത്രി വി ശിവൻകുട്ടി
സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യം നേരത്തേ അറിയിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റിൽനിന്ന് പട്ടിക ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു സാധ്യത തേടാവൂ. ഇതു സംബന്ധിച്ച് പരാതിയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.