വാഷിങ്ടൺ > തനിക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഔദ്യോഗിക രഹസ്യരേഖകൾ അനധികൃതമായി കടത്തിക്കൊണ്ടുപോയി കൈവശംവച്ച കേസിൽ കഴിഞ്ഞദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥർ ട്രംപിനുമേൽ കൂടുതൽ കുറ്റം ചുമത്തിയത്.
ഫ്ലോറിഡയിലെ ആഡംബര വസതിയിലെ ജോലിക്കാരനോട് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെട്ടതായാണ് പുതിയ ആരോപണം. അതിനിടെയാണ്, അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള ഏക റിപ്പബ്ലിക്കൻ സ്ഥാനാർഥി താനാണെന്ന ട്രംപിന്റെ പ്രഖ്യാപനം. പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന 13 റിപ്പബ്ലിക്കൻ സ്ഥാനാർഥികളും അണിനിരന്ന വേദിയിലായിരുന്നു പ്രഖ്യാപനം. നിലവിൽ ട്രംപ് പാർടിയുടെ മറ്റ് സ്ഥാനാർഥിത്വമോഹികളെക്കാൾ മുന്നിലാണെന്ന് അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നു.