ആലുവ
ആലുവയിൽ വെള്ളി വൈകിട്ട് കാണാതായ, ബിഹാറി ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആലുവ മാർക്കറ്റിനുപിന്നിൽ മാലിന്യം തള്ളുന്ന ഒഴിഞ്ഞ സ്ഥലത്തെ ചതുപ്പിൽ പുഴയോട് ചേർന്ന് ശനി പകൽ പതിനൊന്നിനാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ബിഹാർ സ്വദേശി അസ്ഫാക് ആലമി (28)നെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസംമുമ്പാണ് കുട്ടിയുടെ വീടിനുസമീപം പ്രതി താമസത്തിനെത്തിയത്. പോക്സോയ്ക്കുപുറമേ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും ചുമത്തി.
കുട്ടി ധരിച്ചിരുന്ന ബനിയൻകൊണ്ട് കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളുണ്ട്. രഹസ്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരമാസകലം മുറിവുണ്ട്. ചപ്പുചവറും കല്ലുകളുംകൊണ്ട് മൂടിയനിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗ്യാരേജ് റെയിൽവേ ഗേറ്റിനുസമീപത്തെ കെട്ടിടത്തിൽനിന്ന് വെള്ളി പകൽ മൂന്നിനാണ് പെൺകുട്ടിയെ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയത്. പരാതി ലഭിച്ച് മൂന്നുമണിക്കൂറിനകം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയം മദ്യലഹരിയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് കുട്ടിയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും പ്രതിയെ ആലുവ മാർക്കറ്റിൽ കണ്ട ചുമട്ടുതൊഴിലാളി താജുദീന്റെ മൊഴിയും നിർണായകമായി. റൂറൽ എസ്പി വിവേക്കുമാറിന്റെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യലിലാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം വെളിപ്പെടുത്തിയത്. എറണാകുളം റേഞ്ച് ഡിഐജി എ ശ്രീനിവാസും സ്ഥലത്തെത്തി.
ആലുവ തായിക്കാട്ടുകരയിൽ എട്ടുവർഷമായി താമസിക്കുന്ന ബിഹാറി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്. വെള്ളി രാത്രി 7.10നാണ് കുട്ടിയെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ പ്രതി കുട്ടിയുമായി ഗ്യാരേജ് ബസ് സ്റ്റോപ്പിലേക്ക് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു. രാത്രി പത്തോടെ കസ്റ്റഡിയിലെടുത്തു.
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം, ആലുവ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്നുമണിക്കൂറോളം എടുത്താണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. സംഭവസ്ഥലത്ത് പ്രതിയുമായി പൊലീസ് എത്തിയെങ്കിലും ജനക്കൂട്ടം അക്രമാസക്തമായതിനാൽ തെളിവെടുപ്പ് നടത്താനാകാതെ മടങ്ങി. പ്രതിക്ക് താമസസൗകര്യം ഒരുക്കിയ അസം സ്വദേശിയും ആലുവയിലെ കോഴിക്കടയിലെ ജീവനക്കാരനുമായ ഗുൽജാർ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി മൊഴിമാറ്റിയത് 10 തവണ
വെള്ളി രാത്രി പത്തിന് തോട്ടയ്ക്കാട്ടുകരയിൽനിന്ന് കസ്റ്റഡിയിലാകുന്നതു മുതൽ പ്രതി അസ്ഫാക് ആലം മൊഴിമാറ്റിയത് 10 തവണ. കുട്ടിയെ കണ്ടെത്തിയില്ലെങ്കിൽ അന്വേഷണം തന്നിലേക്ക് എത്തില്ലെന്ന് വിശ്വസിച്ചായിരുന്നു ഇത്. കുട്ടിയെ അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. കുട്ടിക്ക് ജ്യൂസ് വാങ്ങിനൽകി വീട്ടിലാക്കിയെന്ന് പിന്നീട് പറഞ്ഞു. പെൺകുട്ടിയെ പണം വാങ്ങി മറ്റൊരാൾക്കു കൈമാറിയെന്നായി അടുത്ത മൊഴി. സുഹൃത്തിന്റെ സഹായത്തോടെയാണ് കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാൾ കുട്ടിയെ കൊണ്ടുപോയെന്നും പറഞ്ഞു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ തുടർന്നപ്പോഴാണ് കുറ്റം സമ്മതിച്ചത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി മാർക്കറ്റ് പരിസരത്ത് കുഴിച്ചുമൂടിയെന്ന് സമ്മതിച്ചു. കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചപ്പോൾത്തന്നെ പൊലീസ് കുട്ടിയുടെയും പ്രതിയുടെയും ചിത്രങ്ങളുമായി വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. പിടിയിലാകുമ്പോൾ പ്രതി കടുത്ത ലഹരിയിലായിരുന്നു.
വീഴ്ചയുണ്ടായില്ല: ഡിജിപി
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് പറഞ്ഞു. പരാതി കിട്ടി മൂന്നു മണിക്കൂറിനകം പ്രതിയെ പിടിച്ചു. കുട്ടിയെ കണ്ടെത്താനും ഊർജിതമായി ശ്രമിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും ഡിജിപി വ്യക്തമാക്കി.