കോഴഞ്ചേരി > ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6,204 കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയ നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ജില്ലയിലെ ഹൃദ്യം പദ്ധതി ഗുണഭോക്താക്കളായ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സംഗമം ഹൃദയമാണ് ഹൃദ്യം കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ ചർച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ആകെ 18,259 പേരാണ് ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. അവയിൽ 6,204 ശസ്ത്രക്രിയ നടന്നു. ജില്ലയിൽ 561 കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 149 പേർക്ക് ഇതുവരെ ശസ്ത്രക്രിയ കഴിഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ഹൃദ്യം. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കാണ് പദ്ധതി നിർവഹിക്കുന്നത്. പദ്ധതി കൂടുതൽ ആശുപത്രിയിലേക്ക് എം പാനൽ ചെയ്യും. ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ വിഷമിക്കുന്നില്ലെന്ന് ഉറപ്പാക്കും മന്ത്രി പറഞ്ഞു.
എല്ലാ കുട്ടികൾക്കും അവരുടെ സാമൂഹിക-, സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് തുല്യമായ അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. ശസ്ത്രക്രിയക്ക് ശേഷം ഒരു വർഷത്തെ മരുന്നും സർക്കാർ സൗജന്യമായി നൽകും. ഈ വർഷം മുതൽ സ്കൂളുകളിൽ വാർഷികാരോഗ്യ പരിശോധന നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജന്മനാ ഹൃദയ വൈകല്യമുള്ള 18 വയസ്സ് വരെയുള്ള കുട്ടികൾക്കായി 2017-ൽ തുടങ്ങിയ കേരള സർക്കാരിന്റെ സൗജന്യഹൃദയ ശസ്ത്രക്രിയാ പദ്ധതിയാണ് ഹൃദ്യം. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് മന്ത്രി സ്നേഹോപഹാരങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി.