തിരുവനന്തപുരം > മൃഗസംരക്ഷണ മേഖലയിലെ ഫാം ചട്ടങ്ങളും ഉത്തരവുകളും ലഘൂകരിക്കാൻ പ്രത്യേക ഉന്നതതല സമിതി രൂപീകരിക്കാൻ തീരുമാനം. സമിതി രൂപികരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
മൃഗസംരക്ഷണ മേഖലയിലെ കർഷകരും സംരംഭകരും ഒരുപോലെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആണ് ലൈസൻസിങ്- കെട്ടിടനിർമ്മാണ ചട്ടങ്ങൾ, ഉത്തരവുകൾ മറ്റു ഇതര നടപടിക്രമപ്രശ്നങ്ങൾ എന്നിവയെല്ലാം. ഇതെല്ലാം ലഘൂകരിച്ച് ലൈഫ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നത് കർഷക-സംരംഭക സൗഹൃദമാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും കർഷകരും സംരംഭകരും ചേർന്ന് കൊണ്ടുള്ള സംയുക്ത യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്തതായി മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ഉന്നതതല സമിതി രൂപീകരിച്ച് ആറു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ തീരുമാനമായതായി മന്ത്രി അറിയിച്ചു.