കൊച്ചി > ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയത് തട്ടിക്കൊണ്ടുപോയ അസ്ഫാഖ് തന്നെയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകൾ ചാന്ദ്നി (5) യെ തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികൾ താമസിക്കുന്ന കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ ആളായ അസം സ്വദേശിയായ അസ്ഫാഖ് ആലമായിരുന്നു ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.
അസ്ഫാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇന്ന് ഉച്ചയോടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് മാലിന്യക്കൂമ്പാരത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മുകളിൽ കല്ലുകള്വെച്ചിരുന്നു. പ്ലാസ്റ്റിക്കും മാലിന്യങ്ങളുമിട്ട് മൃതദേഹം മൂടിയിരുന്നുവെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും എസ്പി പറഞ്ഞു. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പറഞ്ഞ മൊഴികൾ വഴിതെറ്റിക്കുവാനായി പറഞ്ഞതാണെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കുട്ടിയുടെ കൈപിടിച്ച് അസ്ഫാഖ് ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോവുന്നത് കണ്ടതായി ചുമട്ടു തൊഴിലാളിയായ താജുദ്ദീൻ പറഞ്ഞു. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ തന്റെ കുട്ടിയാണെന്നാണ് പറഞ്ഞിരുന്നതെന്നും താജുദ്ദീൻ പറഞ്ഞു.