കായംകുളം> ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന അമ്പാടിയെ കുത്തിക്കൊന്ന ബിജെപി–-ആർഎസ്എസ് മയക്കുമരുന്ന് ക്വട്ടേഷൻസംഘം കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
കൃഷ്ണപുരം കാപ്പിൽ ചന്തയ്ക്ക് കിഴക്ക് റോഡിൽ അമ്പാടിയെ കൊലപ്പെടുത്തിയശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഞക്കനാൽ ഭാഗത്തെ വെളിപുരയിടത്തിൽ കത്തി ഉപേക്ഷിക്കുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനുശേഷമാണ് കത്തി കണ്ടെത്തിയത്.
കേസിൽ ഒന്നാംപ്രതി കൃഷ്ണപുരം കാപ്പിൽമേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ അമിതാബ് ചന്ദ്രൻ (38), രണ്ടാംപ്രതി സജിത്ത്ഭവനത്തിൽ വിച്ചു എന്ന വിജിത്ത് (29), മൂന്നാംപ്രതി ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (27) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അമിതാബ് ചന്ദ്രൻ, വിജിത്ത് എന്നിവരെയാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തശേഷം ശനിയാഴ്ചയും തെളിവെടുക്കും. ഇതിനുശേഷം കോടതിയിൽ ഹാജരാക്കും.