ബർലിൻ
കേള്വി നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴും മാസ്മരിക സംഗീതം തീർത്ത് ലോകത്തെ ഭ്രമിപ്പിച്ച അതുല്യ പ്രതിഭ ലുഡ്വിഗ് വാൻ ബീഥോവൻ മരിച്ചതെങ്ങനെ? രണ്ട് നൂറ്റാണ്ടു മുമ്പ് വിടപറഞ്ഞ സംഗീതപ്രതിഭയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു. വർഷങ്ങളോളം നിരവധി അസുഖങ്ങളുമായി മല്ലിട്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി ബാധയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് ഡിഎൻഎ റിപ്പോർട്ട്. കേംബ്രിഡ്ജ് സർവകലാശാലയിലെ ബയോളജിക്കൽ ആന്ത്രപ്പോളജിസ്റ്റ് ട്രിസ്റ്റൻ ബെഗ് നടത്തിയ ജനിതക പരിശോധനയിലാണ് വെളിപ്പെടുത്തൽ.
1827ൽ ബീഥോവൻ മരിച്ച ഉടൻ അദ്ദേഹത്തിന്റെ മുടി മുറിച്ച് സൂക്ഷിച്ചിരുന്നു. 20 വയസ്സുമുതൽ അലട്ടുന്ന നിരവധി അസുഖങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ കത്തുകൾ, കുറിപ്പുകൾ എന്നിവയും പഠനവിധേയമാക്കി. കരൾവീക്കം ബാധിച്ചാണ് ബീഥോവൻ മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ അധികരിച്ചായിരുന്നു ട്രിസ്റ്റൻ ബെഗ് തലവനായ സംഘത്തിന്റെ പഠനം. സാമ്പൾ പരിശോധനയിലാണ് ഹെപ്പറ്റൈറ്റിസ് ബി ബാധമൂലമുണ്ടായ കരൾവീക്കമാണ് മരണകാരണമെന്ന് തെളിഞ്ഞത്.