തിരുവനന്തപുരം
ബഹു സംസ്ഥാന സഹകരണ നിയമഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ച സ്വാതന്ത്ര്യം കവർന്നെടുക്കാനാണ് നീക്കം. സഹകരണരംഗം സംസ്ഥാന വിഷയമാണെന്ന് സംശയലേശമന്യേ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.
ബഹു സംസ്ഥാന സഹകരണ സംഘങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണമുണ്ടാകില്ല. നിക്ഷേപങ്ങൾക്ക് സുരക്ഷ നൽകാനോ വായ്പ നൽകാനോ ഉള്ള പ്രാഥമിക ബാധ്യതപോലും ഇല്ലാതാകും. ഭരണസമിതിയുടെ തീരുമാനപ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏത് സംഘത്തെയും മൾട്ടി സ്റ്റേറ്റ് സംഘമാക്കാം.
കേന്ദ്ര സർക്കാരോ നിക്ഷേപം നടത്തുന്ന വൻകിട കോർപറേറ്റുകളോ നിർദേശിക്കുന്ന തരത്തിൽ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടി വരും. ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശ്യംതന്നെ നഷ്ടപ്പെടും. സാധാരണക്കാർക്കും ചെറുകിട കർഷകർക്കും അപ്രാപ്യമാകുകയും ചെയ്യും. സാമ്പത്തികലാഭംമാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നവതലമുറ വാണിജ്യ ബാങ്കുകൾക്ക് സമാനമായി സഹകരണ സംഘങ്ങൾ മാറും. ഈ വസ്തുതകൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനായതുകൊണ്ടാണ് സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടുണ്ടായത്. ഇത് മറികടക്കാനാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.