തിരുവനന്തപുരം > അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയാണ് തമിഴ്നാട് സംഘത്തിന്റെ കേരള സന്ദർശനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് നടപ്പാക്കിയ എഐ കാമറ സംവിധാനം വിജയകരമായതുകൊണ്ടാണ് ഇതര സംസ്ഥാനങ്ങൾ പദ്ധതി മാതൃകയാക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ അതേ രീതിയിൽ പദ്ധതി നടപ്പാക്കാനാണ് തമിഴ്നാട് ആഗ്രഹിക്കുന്നതെന്നാണ് പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയ ജോയിന്റ് ട്രാൻസ്പോർട്ട് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്.
അതിനായി കെൽട്രോണിനെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കെൽട്രോൺ സംഘം പോകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അറിയുന്നു. പദ്ധതി ആരംഭിച്ചശേഷം കേരളത്തിൽ വാഹനാപകടങ്ങളും മരണസംഖ്യയും കുറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പുമായും മന്ത്രിതലത്തിലും തുടർചർച്ച നടത്തും. അനാവശ്യമായ വിവാദമുണ്ടാക്കി രാജ്യത്തിന് പ്രയോജനപ്പെടുന്നതും സംസ്ഥാനത്തിന് ഗുണകരവുമായ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണം. ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.