കോഴിക്കോട്> മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. പ്രത്യേക സംഘം (എസ്ഐടി) കേസ് അന്വേഷിച്ചതിനാല്‍ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഒരു സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍നിന്ന് വ്യാപകമായി മരങ്ങള്‍ മുറിക്കുകയായിരുന്നു പ്രതികള്‍ ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണം.
വനംവകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കില്‍ വനനിയമം അനുസരിച്ച് 500 രൂപ പിഴയും ആറ് മാസം തടവുമാകും പരമാവധി ശിക്ഷ ലഭിക്കുമായിരുന്നത്. എന്നാല്‍ തങ്ങള്‍ അതല്ല ആഗ്രഹിച്ചത്.പ്രതികള്‍ കോടതി നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ പഴുതുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.
മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശവും തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്.
മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മരങ്ങൾക്ക് 500 വർഷം വരെ പഴക്കമുണ്ടെന്ന ഡിഎൻഎ റിപ്പോർട്ട് കിട്ടിയതോടെ, വൈകാതെ കുറ്റപത്രം നൽകുവാനാണ് പൊലീസ് നീക്കം.