കൊച്ചി
വിജ്ഞാനത്തിന് സാന്നിധ്യമില്ലാത്ത അവസ്ഥയിലേക്ക് മാധ്യമങ്ങൾ അധഃപതിച്ചതായി മുതിർന്ന മാധ്യമപ്രവർത്തകൻ ബി ശശികുമാർ. ‘മാധ്യമങ്ങളും സത്യാനന്തരകാലവും’ വിഷയത്തിൽ മഹാരാജാസ് കോളേജിൽ എകെജിസിടി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സംസ്കാരം രൂപപ്പെട്ടശേഷം മാധ്യമങ്ങളുടെ തീവ്രതയും വേഗവും പിടിച്ചാൽ കിട്ടാത്ത നിലയിലായി. മാധ്യമപ്രവർത്തനത്തെ നിർവചിക്കാൻ കഴിയാത്ത കാലഘട്ടമാണിത്. മാധ്യമങ്ങളിൽനിന്ന് സത്യം മനസ്സിലാക്കാൻ ശ്രമിക്കുന്നവരുടെ കാര്യം പോക്കാണ്. സത്യം പറയേണ്ടിടത്ത് മൗനംപാലിച്ചാൽ മൗനം നുണയാകും. മണിപ്പുർ വിഷയത്തിൽ അവിടത്തെ മുഖ്യമന്ത്രി പാലിക്കുന്നത് ഇത്തരമൊരു മൗനമാണ്. മണിപ്പുരിൽ നടക്കുന്നതിന്റെ ചെറിയശതമാനംമാത്രമാണ് നമ്മൾ അറിയുന്നത്.
രാജ്യത്തിന്റെ ചരിത്രംതന്നെ മാറ്റിയെഴുതുകയാണെന്നും ശശികുമാർ പറഞ്ഞു.എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ മനോജ് അധ്യക്ഷനായി. ടി എം ഹർഷൻ, എകെജിസിടി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ്, സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുരളി, ഡോ. പി ആർ പ്രിൻസ് എന്നിവർ സംസാരിച്ചു.