തിരുവനന്തപുരം
സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബമ്പർ പ്രകാശനത്തിൽ മുഖ്യാതിഥിയായി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടിയ പി പി കുഞ്ഞികൃഷ്ണൻ. തന്റെ പതിവുശൈലിയിൽ ഫലിതത്തോടെ സംസാരിച്ചുതുടങ്ങിയ കുഞ്ഞികൃഷ്ണനെ നോക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു ‘ആദ്യസിനിമയിൽത്തന്നെ ബംബറടിച്ചയാളാണ് ’. മന്ത്രിയുടെ ഫലിതം ആസ്വദിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വാചാലനായി.
‘നമ്മുടെ ധനമന്ത്രി ഒരുപാട് പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. കോവിഡ് വന്നപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടി. കേന്ദ്രവിഹിതവും ജിഎസ്ടി വിഹിതവുമൊക്കെ കിട്ടാനുണ്ട്. സിനിമയിൽ പറഞ്ഞ ഡയലോഗാണ് എനിക്ക് പറയാനുള്ളത്, ‘എല്ലാം ശരിയാവൂടോ, നമുക്ക് നോക്കാ’.
ഗൗരവമുള്ള വിഷയമായിരുന്നിട്ടും സിനിമയിലെ ജഡ്ജിയുടെ അതേ ശൈലിയിലുള്ള വർത്തമാനംകേട്ട് മന്ത്രിയുൾപ്പെടെ ആസ്വദിച്ചു. ‘ന്നാ താൻ കേസുകൊട്’ സിനിമയിലെ അഭിനയത്തിനാണ് പി പി കുഞ്ഞികൃഷ്ണന് സംസ്ഥാന അവാർഡ് ലഭിച്ചത്. തന്റെ ആദ്യസിനിമാ അനുഭവവും പുതിയ സിനിമകളെക്കുറിച്ചും പറഞ്ഞാണ് അദ്ദേഹം വേദിവിട്ടത്.