കോഴിക്കോട്
യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് റിപ്പോർട്ട്. പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച ആഭ്യന്തരവകുപ്പ് റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. മെഡിക്കൽ സംബന്ധമായ കേസായതിനാൽ മെഡിക്കൽ ബോർഡാണ് നിർദേശം നൽകേണ്ടതെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ഡിഎംഒ കെ കെ രാജാറാം ചെയർമാനായ മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിശോധിക്കാനായി ആഗസ്ത് ഒന്നിന് ചേരും.
അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരും ഗൈനക്കോളജി, അനസ്തേഷ്യ, മെഡിസിൻ,- സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരും അംഗങ്ങളാണ്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. തുടർന്നാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ സിടി സ്കാനിലാണ് ഗർഭപാത്രത്തിന് പുറത്ത് കത്രികയുണ്ടെന്ന് മനസ്സിലായത്. തുടർന്ന് സംഭവത്തിനുത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് മുമ്പിൽ സമരത്തിലാണ് ഹർഷിന.
വിശ്വാസം ഹർഷീനയെ: മന്ത്രി വീണാ ജോർജ്
ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുരുങ്ങിയ സംഭവത്തിൽ ഹർഷീനയ്ക്ക് ഒപ്പമാണ് സർക്കാരെന്ന് മന്ത്രി വീണാ ജോർജ്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുക തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ഹർഷീന പറയുന്നതിലാണ് തുടക്കംമുതൽ തനിക്ക് വിശ്വാസമുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
അവർ അനുഭവിച്ച വേദനയും വിഷമവും മാനസികാവസ്ഥയും പരിഗണിക്കേണ്ടതാണ്. അതിനാൽ തന്നെ ഹർഷീനയ്ക്ക് നീതി ഉറപ്പാക്കാൻ കൂടെ നിൽക്കും. ആരോഗ്യവകുപ്പ് രണ്ട് തവണ അന്വേഷണം നടത്തിയിരുന്നു. രണ്ട് അന്വേഷണത്തിലും ഒന്നും കണ്ടെത്താൻ കഴിയാത്തതിനാലാണ് പൊലീസിന് അന്വേഷണ ചുമതല നൽകിയത്. തുടക്കംമുതൽ ആരോഗ്യവകുപ്പിന് കൃത്യമായ നിലപാടുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.