ജറുസലേം
ഇസ്രയേലിൽ സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന വിവാദ ബില്ലിൽ പാർലമെന്റായ നെസറ്റിൽ ചർച്ച ആരംഭിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി രണ്ടും മൂന്നും വട്ട വോട്ടെടുപ്പ് നടത്തും. വിജയിച്ചാൽ ബിൽ നിയമമാകും. നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്. പതിനായിരക്കണക്കിന് ആളുകൾ പാർലമെന്റിനുമുന്നിൽ ടെന്റ് കെട്ടി പ്രതിഷേധിക്കുകയാണ്.
ബിൽ പാസ്സാക്കിയാൽ സന്നദ്ധസേവനം അവസാനിപ്പിക്കുമെന്ന് പതിനായിരത്തിൽപ്പരം പേർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ചയും ആയിരങ്ങളാണ് പ്രതിഷേധ പ്രകടനമായി ജറുസലേമിലെ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തിച്ചേർന്നത്. ഞായറാഴ്ച നടക്കേണ്ട പതിവ് മന്ത്രിസഭായോഗം മാറ്റിവച്ചു. അതിനിടെ, നെതന്യാഹു അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ഞായറാഴ്ച റാമത് ഗാനിലെ ഷെബാ മെഡിക്കൽ സെന്ററിൽവച്ച് പേസ്മേക്കർ ഘടിപ്പിച്ചു.