കാലടി > കാലടി ശ്രീശങ്കര കോളേജിൽ പെൺകുട്ടിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ കെഎസ്യുക്കാരെ കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ലോക്കപ്പിൽനിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ടുപേർ അറസ്റ്റിൽ. കാലടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ഷൈജൻ തോട്ടപ്പിള്ളി, കോൺഗ്രസ് പ്രവർത്തകരായ അനിസൺ ജോയി, റോബിൻ ഫ്രാൻസിസ്, അഖിൽ കുഞ്ഞുമോൻ, പോൾ ജോർജ്, നിഥിൻ തോമസ്, ജോജോ ജോണി, ആൽബിൻ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ജൂലൈ പതിനാറിനാണ് എംഎൽഎമാരായ റോജി ജോണിന്റെയും സനീഷ്കുമാർ ജോസഫിന്റെയും നേതൃത്വത്തിൽ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് രാജീവ് വാലപ്പനെയും പ്രവർത്തകൻ ഡിജോൺ ബി ജിബിനെയും ബലംപ്രയോഗിച്ച് ലോക്കപ്പ് തുറപ്പിച്ച് മോചിപ്പിച്ചത്. ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയെ റാഗ് ചെയ്തതിനാണ് ഇവർ അറസ്റ്റിലായത്. എംഎൽഎമാർക്കുപുറമേ കണ്ടാലറിയാവുന്ന 13 പേർക്കെതിരെ കേസെടുത്തിരുന്നു. ജൂലൈ പത്തൊമ്പതിനാണ് കാലടി പഞ്ചായത്ത് പ്രസിഡന്റായി ഷൈജനെ തെരഞ്ഞെടുത്തത്. അന്നുമുതൽ 14 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യാതിരുന്നാൽ തെരഞ്ഞെടുപ്പ് അസാധുവാകും.