തലയോലപ്പറമ്പ് > വെള്ളൂർ റെയിൽവേ പാലത്തിന് സമീപം കര പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. കടുത്തുരുത്തി രണ്ടാം ഗ്രൂപ്പിൽപ്പെട്ട ഏഴാം നമ്പർ വെള്ളൂർ ഷാപ്പ് കെട്ടിടവും ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന ഷാഹുലിന്റെ ഗോഡൗണും ഏതാണ്ട് പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞു പോയ അവസ്ഥയിലാണ്. ഈ പ്രദേശത്തെ ഏതാണ്ട് 100 മീറ്ററോളം വരുന്ന ഭാഗത്ത് കര പുഴയായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
മൂവാറ്റുപുഴയാറിൽ പ്രത്യേകിച്ച് നീരൊഴുക്ക് ഒട്ടും തന്നെയില്ല. എന്ത് കാരണത്താലാണ് ഇങ്ങനെ സംഭവിച്ചത് എന്നതിനെ സംബന്ധിച്ചുള്ള വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. തൊട്ട് ചേർന്നുള്ള വീടുകളിലെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് പഞ്ചായത്ത് റവന്യൂ അധികാരികൾ. രണ്ടുദിവസമായി ഇവിടെ ഒരു ചെറിയ വിള്ളൽ രൂപപ്പെട്ടിരുന്നു. ആ വിള്ളൽ വന്ന ഭാഗമാണ് ഇപ്പോൾ പുഴയിലേക്ക് മുഴുവനായി ഇടിഞ്ഞു പോയിട്ടുള്ളത്. റവന്യൂ അധികാരികൾ അടിയന്തരമായി സന്ദർശിച്ച് ആവശ്യമായ പഠനങ്ങൾ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്ന് സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.